മത്സരം പാര്‍ട്ടിയെ ശക്തിപ്പെടുത്താനെന്ന് ഖാര്‍ഗെയും തരൂരും

Kerala

ശ്രീനഗര്‍/ മുംബൈ: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തനിക്കെതിരെ മത്സരിക്കുന്ന ശശി തരൂര്‍ ശത്രുവല്ലെന്നു മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് തരൂരുമായി മത്സരിക്കുന്നത് രാജ്യത്തിന്‍റെയും പാര്‍ട്ടിയുടെയും വളര്‍ച്ചക്കുവേണ്ടിയുള്ള തങ്ങളുടെ കാഴ്ചപ്പാടുകള്‍ പങ്കു വയ്ക്കുവാന്‍ വേണ്ടിയാണെന്ന് ഖാര്‍ഗെ പറഞ്ഞു.ശ്രീനഗറില്‍ പാര്‍ട്ടിപ്രതിനിധികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇതൊരു ആഭ്യന്തര തെരഞ്ഞെടുപ്പാണ്. ഒരു വീട്ടിലെ രണ്ട് സഹോദരങ്ങളെ പോലെയാണ്.അവര്‍ തമ്മില്‍ പോരടിക്കില്ല. എന്നാല്‍ അവരുടെ കാഴ്ചപ്പാടുകള്‍ മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ ശ്രമിക്കും. ഞാന്‍ എന്തു ചെയ്യുന്നു എന്നതില്‍ അര്‍ത്ഥമില്ല.ഞങ്ങളൊന്നിച്ച് പാര്‍ട്ടിക്കും രാജ്യത്തിനും വേണ്ടി എന്തുചെയ്തു അല്ലെങ്കില്‍ ചെയ്യുന്നു എന്നതാണ് പ്രാധാന്യം. ഖാര്‍ഗെ പറഞ്ഞു.
അതിനിടെ എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നത് കോണ്‍ഗ്രസില്‍ മാറ്റം കൊണ്ടുവരാനാണെന്ന് ശശി തരൂര്‍ മുംബൈയില്‍ പറഞ്ഞു.കോണ്‍ഗ്രസ് പാര്‍ട്ടി ശക്തിപ്പെടുകയെന്നതാണ് ലക്ഷ്യം. പാര്‍ട്ടി മുന്നോട്ട് വെക്കുന്ന പ്രത്യയശാസ്ത്രത്തോട് കൂറുപുലര്‍ത്തുന്നവരാണ് പ്രവര്‍ത്തകരെല്ലാം. 2024 ലെ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ ശക്തമായി ബിജെപിയെ നേരിടുന്നവരെയാണ് കോണ്‍ഗ്രസിന് ആവശ്യമെന്നും ശശി തരൂര്‍ അഭിപ്രായപ്പെട്ടു.
എഐസിസി പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ശശി തരൂരിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ പ്രിയ ദത്തെത്തി. മഹാരാഷ്ട്ര പിസിസി ഓഫീസില്‍ തരൂര്‍ വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെയാണ് ആശംസകളുമായി പ്രിയയും വേദിയില്‍ എത്തിയത്. മുന്‍ കേന്ദ്രമന്ത്രി സുനില്‍ ദത്തിന്‍റെ മകളായ പ്രിയ, 2005ലും 2009ലും ലോക്സഭയിലേക്ക് വിജയിച്ചിരുന്നു. മറ്റ് മുതിര്‍ന്ന നേതാക്കളും മഹാരാഷ്ട്രയിലെ തരൂരിന്‍റെ യോഗങ്ങളില്‍ പങ്കെടുത്തിരുന്നു.അതേസമയം കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികക്കെതിരെ ശശി തരൂര്‍ പരാതി നല്‍കി. തെരഞ്ഞെടുപ്പ് സമിതി മാനദണ്ഡങ്ങള്‍ അട്ടിമറിച്ച് പിസിസികള്‍ ഒന്നടങ്കം മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെക്ക് പിന്നില്‍ അണി നിരക്കുന്നതില്‍ അതൃപ്തി പരസ്യമാക്കിയതിന് പിന്നാലെയാണ് അപൂര്‍ണ്ണ വോട്ടര്‍പട്ടികക്കെതിരെ തരൂരിന്‍റെ പരാതി.
ഒന്‍പതിനായിരത്തിലധികം പേരുള്ള വോട്ടര്‍ പട്ടികയില്‍ മൂവായിരത്തിലേറെ പേരുടെയും വിലാസമോ ഫോണ്‍ നമ്പറോ നല്‍കിയിട്ടില്ല.
14 പിസിസികള്‍ വോട്ടര്‍മാരുടെ പേര് മാത്രം നല്‍കിയാണ് പട്ടിക കൈമാറിയിരിക്കുന്നത്. വ്യക്തിവിവരങ്ങളില്ലാതെ എങ്ങനെ വോട്ട് തേടുമെന്നാണ് തരൂര്‍ ചോദിക്കുന്നത്. സംസ്ഥാനങ്ങളില്‍ നേരിട്ടെത്തി പ്രചാരണം നടത്തുന്നതിനൊപ്പം യുവ വോട്ടര്‍മാരോടടക്കം ഫോണിലൂടെയും തരൂര്‍ വോട്ട് തേടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *