ന്യൂഡല്‍ഹി: മതങ്ങളെ രാഷ്ട്രീയത്തില്‍ ഉപയോഗിക്കുന്നത് നിര്‍ത്തിയാല്‍ വിദ്വേഷ പ്രസംഗങ്ങള്‍ ഇല്ലാതാവുമെന്ന് സുപ്രീംകോടതി.വിദ്വേഷപ്രസംഗങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ വിവിധ സംസ്ഥാനങ്ങള്‍ വീഴ്ചവരുത്തുന്നതിനെതിരെ സമര്‍പ്പിച്ച കോടതി അലക്ഷ്യ ഹരജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.
ഹരജി പരിഗണിക്കവെ, എത്രപേര്‍ക്കെതിരെ കോടതി അലക്ഷ്യ നടപടി എടുക്കേണ്ടിവരുമെന്ന് ആശ്ചര്യപ്പെട്ട ബെഞ്ച് ആളുകള്‍ സ്വയം നിയന്ത്രിക്കണമെന്നും നിര്‍ദേശിച്ചു. മുന്‍ പ്രധാനമന്ത്രിമാരായ ജവഹര്‍ ലാല്‍ നെഹറുവിന്‍റേയും അടല്‍ ബിഹാരി വാജ്പേയിയുടെയും പ്രസംഗങ്ങളെക്കുറിച്ച് പരാമര്‍ശിച്ച കോടതി അവരുടെ പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ ഉള്‍പ്രദേശങ്ങളില്‍ നിന്നുപോലും ആളുകള്‍ വരുമായിരുന്നു എന്നും പറഞ്ഞു.
ദിവസവും പൊതു ഇടങ്ങളിലും ടിവിയിലും ചിലര്‍ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തുന്നതായും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് കെ.എം ജോസഫ്, ബി.വി നാഗരത്ന എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.