മുംബൈ: ദേശീയഗാനം കേട്ടപ്പോള്‍ എഴുന്നേറ്റുനിന്നില്ലെന്ന കേസില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ പ്രത്യേക അനുമതി ആവശ്യമില്ലെന്ന് പബ്ലിക് പ്രോസിക്യൂഷന്‍.സമന്‍സയച്ച മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് ചോദ്യംചെയ്ത് മമത പ്രത്യേക കോടതിയില്‍ നല്‍കിയ പുനഃപരിശോധന ഹരജിയില്‍ വാദം നടക്കവെയാണ് മഹാരാഷ്ട്ര സര്‍ക്കാറിനുവേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടര്‍ സുമേഷ് പഞ്ജ്വാനി നിലപാട് വ്യക്തമാക്കിയത്.മമതയുടെ മുംബൈ സന്ദര്‍ശനം ഔദ്യോഗിക പരിപാടിയായിരുന്നില്ലെന്നും രാഷ്ട്രീയ അജണ്ടയോടെയുള്ളതായിരുന്നുവെന്നും അദ്ദേഹം വാദിച്ചു. തുടര്‍ന്ന് ഉത്തരവിനായി എം.പി, എം.എല്‍.എമാര്‍ക്കെതിരായ പ്രത്യേക കോടതി ജഡ്ജ് ആര്‍.എന്‍. റോകഡെ കേസ് ഈമാസം 12ലേക്ക് മാറ്റി.2021 ഡിസംബറില്‍ മുംബൈ സന്ദര്‍ശനവേളയിലെ പരിപാടിയില്‍ ദേശീയഗാനമാലപിക്കുമ്ബോള്‍ മമത എഴുന്നേറ്റുനിന്നില്ലെന്ന് കാണിച്ച് മുംബൈയിലെ ബി.ജെ.പി നേതാവ് വിവേകാനന്ദ് ഗുപ്തയാണ് ഹരജി നല്‍കിയത്.