ഇംഫാല്‍: സൈന്യത്തിന്റെയും അര്‍ധസൈനിക വിഭാഗങ്ങളുടെയും ഇടപെടലില്‍ മണിപ്പൂരില്‍ സംഘര്‍ഷത്തിന് അയവ്. പ്രശ്ന ബാധിത പ്രദേശങ്ങളില്‍ കൂടുതല്‍ സൈന്യത്തെ നിയോഗിച്ചു. ന്യൂ ചെക്കോണ്‍ മേഖലയില്‍ ഭൂരിഭാഗം കടകളും വ്യാപാരസ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്.
മുന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ന്യൂ ചെക്കോണില്‍ കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ചതാണ് വീണ്ടും കലാപസമാനമായ സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്നാണ് വിവരം. ഇതിന് മറുപടിയായി മറുവിഭാഗം ആളൊഴിഞ്ഞ വീടുകള്‍ക്ക് വ്യാപകമായി തീയിട്ടു. ഇതോടെ സംഘര്‍ഷം തിങ്കളാഴ്ച വൈകുന്നേരം തലസ്ഥാനമായ ഇംഫാലിന് പുറത്തേക്ക് വ്യാപിച്ചു. ബിഷ്ണുപൂര്‍ ജില്ലയിലെ മൊയ്റാങ്ങില്‍ വര്‍ക്ക്ഷോപ്പിന് അക്രമികള്‍ തീയിട്ടു. കരസേനയും പൊലീസും ചേര്‍ന്ന് ഏഴുപേരെ പിടികൂടി. സിംഗിള്‍ ബാരല്‍ തോക്കുമായും ഒരാള്‍ പിടിയിലായിട്ടുണ്ട്.
മെയ്തി വിഭാഗത്തിന് പട്ടികവര്‍ഗ പദവി നല്കുന്നതിനെതിരേ കുകി സമുദായ അംഗങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഒരു മാസത്തോളമായി മണിപ്പൂരില്‍ സംഘര്‍ഷാവസ്ഥ നിലനില്ക്കുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശാന്തമായെങ്കിലും ഈ അടുത്ത ദിവസങ്ങളില്‍ വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെടുകയായിരുന്നു.