മണിപ്പൂരില്‍ ശാന്തിയുടെ സൂര്യനുദിക്കും; കുറ്റക്കാരെ വെറുതെവിടില്ല: പ്രധാനമന്ത്രി

Kerala

. അവിശ്വാസ പ്രമേയത്തിന് മറുപടി നല്‍കി പ്രധാനമന്ത്രി; അവിശ്വാസം തള്ളി
. പ്രതിപക്ഷം പ്രധാനമന്ത്രിയുടെ പ്രസംഗം ബഹിഷ്ക്കരിച്ചു

ന്യൂഡല്‍ഹി:മണിപ്പൂരിലെ അക്രമസംഭവങ്ങളില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ മറുപടി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി.മണിപ്പൂരിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഒപ്പം രാജ്യമുണ്ട്. കുറ്റക്കാരെ വെറുതെ വിടില്ല. മണിപ്പൂരില്‍ ശാന്തിയുടെ സൂര്യനുദിക്കും. കലാപത്തിന് വഴിവെച്ചത് ഹൈക്കോടതി ഉത്തരവാണ്. സമാധാനം പുന:സ്ഥാപിക്കുമെന്നും മോദി വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ പ്രസംഗത്തിനു പിന്നാലെ അവിശ്വാസപ്രമേയം ശബ്ദവോട്ടോടെ സഭ തള്ളി.
പ്രധാനമന്ത്രി ആദ്യ ഒന്നരമണിക്കൂറോളം സമയം കലാപത്തെ കുറിച്ച് ഒന്നും മിണ്ടിയില്ലെന്നാരോപിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. കേന്ദ്രത്തിന്‍റെ മികവിനെ കുറിച്ചും കോണ്‍ഗ്രസിനെയും പ്രതിപക്ഷത്തെയും രാഹുല്‍ ഗാന്ധിയെയും കടന്നാക്രമിച്ചും മാത്രം ആദ്യ മണിക്കൂറുകളില്‍ സംസാരിച്ച പ്രധാനമന്ത്രിക്കെതിരെ പ്രതിപക്ഷം സഭയില്‍ മുദ്രാവാക്യം വിളികളുയര്‍ത്തി.
മണിപ്പൂരിനെ കുറിച്ച് പറയൂവെന്ന് ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ച പ്രതിപക്ഷത്തോട് മണിപ്പൂരിനെ കുറിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ വിശദമായി മറുപടി നല്‍കിയിട്ടുണ്ടെന്നായിരുന്നു മോദിയുടെ മറുപടി. പിന്നാലെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി.
ഇതിന് ശേഷമാണ് മോദി മണിപ്പൂരിനെ കുറിച്ച് സംസാരിച്ചുതുടങ്ങിയത്. സത്യം പറയുമ്പോള്‍ പ്രതിപക്ഷം ഇറങ്ങിപോകുന്നുവെന്ന് കുറ്റപ്പെടുത്തിയ പ്രധാനമന്ത്രി പ്രതിപക്ഷം മണിപ്പൂര്‍ ചര്‍ച്ച അട്ടിമറിച്ചുവെന്നും ആരോപിച്ചു.
കോണ്‍ഗ്രസ് ഭരണകാലത്തും മണിപ്പൂര്‍ അരക്ഷിതമായിരുന്നു. മണിപ്പൂരില്‍ സമാധാനം ഉറപ്പാക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കും. ഒറ്റക്കെട്ടായി ഈ പ്രതിസന്ധി നേരിടും. മോദി പറഞ്ഞു.രാഹുല്‍ ഗാന്ധിയെയും നരേന്ദ്ര മോദി വിമര്‍ശിച്ചു. ഭാരതാംബയുടെ മരണം ഇവര്‍ എന്ത് കൊണ്ട് ആഗ്രഹിക്കുന്നുവെന്ന് ചോദിച്ച നരേന്ദ്ര മോദി പരാമര്‍ശം ദൗര്‍ഭാഗ്യകരമെന്നും ചൂണ്ടിക്കാണിച്ചു.
ചിലര്‍ക്ക് അധികാരമില്ലാതെ ജീവിക്കാന്‍ കഴിയില്ലെന്നും കുറ്റപ്പെടുത്തി.
ഇന്ത്യയിലെ ജനങ്ങള്‍ക്ക് സര്‍ക്കാരില്‍ വിശ്വാസം ഉണ്ട്. 2024 ല്‍ ബി.ജെ.പിക്ക് റെക്കോര്‍ഡ് വിജയം ഉണ്ടാകും. പ്രതിപക്ഷത്തിന് അധികാരത്തോട് ആര്‍ത്തിയാണ്. പാവപ്പെട്ടവരെ കുറിച്ച് ചിന്തയില്ല. അഴിമതി പാര്‍ട്ടികള്‍ ഒന്നായിരിക്കുന്നുവെന്നും മോദി വിമര്‍ശിച്ചു.
പ്രതിപക്ഷത്തിന് രാജ്യത്തേക്കാള്‍ വലുത് പാര്‍ട്ടിയാണ്. എന്നാല്‍ രാജ്യത്തെ വികസനവും ജനങ്ങളുടെ സ്വപ്നസാക്ഷാത്കാരവുമാണ് ബി.ജെ.പിയുടെ ലക്ഷ്യം. രാജ്യത്തെ യുവാക്കള്‍ക്കായി അഴിമതി രഹിത ഇന്ത്യ ഉണ്ടാക്കാന്‍ ബി.ജെ.പിക്കായി. ആഗോളതലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായ തന്നെ മാറ്റിയെന്ന് മോദി പറഞ്ഞു.
വിഘടനവാദികളെയാണ് പ്രതിപക്ഷത്തിന് വിശ്വാസം. യു.പി.എയുടെ അന്ത്യമായി. കേവലം പേരുമാറ്റം കൊണ്ട് വിജയിക്കാനാകില്ല.
കോണ്‍ഗ്രസിന്‍റെ ചിഹ്നം തന്നെ എല്ലാ അധികാരവും ഒരു കുടുംബത്തിന്‍റെ കൈയ്യിലെന്നത് വ്യക്തമാക്കുന്നതെന്ന് മോദി പരിഹസിച്ചു. വയനാട്ടില്‍ കോണ്‍ഗ്രസിന്‍റെ ഓഫീസ് അടിച്ചുതകര്‍ത്തവരുമായാണ് കോണ്‍ഗ്രസ് സൗഹൃദമുണ്ടാക്കിയിരിക്കുന്നതെന്നും മോദി കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *