ഇംഫാല്‍: മണിപ്പൂരില്‍ കലാപത്തീ വീണ്ടും ആളുന്നു. തലസ്ഥാനമായ ഇംഫാലിലെ ന്യൂ ലാംബുലന്‍ പ്രദേശത്ത് അഞ്ച് വീടുകള്‍ക്ക് അജ്ഞാതര്‍ തീയിട്ടു. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.
ഒഴിഞ്ഞുകിടന്ന വീടുകള്‍ക്കാണ് തീയിട്ടത്. അഗ്നിശമന സേനയെത്തി തീയണച്ചു. കുക്കി വിഭാഗക്കാര്‍ താമസിക്കുന്ന പ്രദേശത്താണ് സംഭവം.
സംഭവത്തിന് തൊട്ടുപിന്നാലെ, പ്രദേശത്ത് പ്രതിഷേധവുമായി ആളുകള്‍ തടിച്ചുകൂടി. ഇവിടെ സംസ്ഥാന, കേന്ദ്ര സേനകളെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ സുരക്ഷാ സേന കണ്ണീര്‍ വാതകം പ്രയോഗിച്ചു.
ഇതിനിടെ മുന്‍ ആരോഗ്യ കുടുംബക്ഷേമ ഡയറക്ടര്‍ കെ. റജോയുടെ വസതിക്ക് കാവല്‍ നിന്ന സുരക്ഷാ ഉദ്യോഗസ്ഥരില്‍ നിന്ന് അജ്ഞാതര്‍ ആയുധങ്ങള്‍ തട്ടിയെടുത്തു. ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെയായിരുന്നു സംഭവം. എകെ 47 തോക്കുകള്‍ ഉള്‍പ്പെടെയാണ് അക്രമികള്‍ തട്ടിയെടുത്തത്.