ചെന്നൈ:കലാപത്തില്‍ പെട്ടുഴലുന്ന മണിപ്പൂരില്‍ നിന്നുള്ള കായികതാരങ്ങളെ പരിശീലനത്തിന് തമിഴ്നാട്ടിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. മണിപ്പൂരിലെ അത്ലറ്റുകള്‍ക്ക് പരിശീലിക്കാന്‍ തമിഴ്നാട്ടില്‍ സൗകര്യമൊരുക്കണമെന്ന് മകനും യുവജനക്ഷേമ കായിക വികസന മന്ത്രിയുമായ ഉദയനിധി സ്റ്റാലിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.മണിപ്പൂരിന്‍റെ ഇപ്പോഴത്തെ അവസ്ഥയില്‍ ഖേലോ ഇന്ത്യ, ഏഷ്യന്‍ ഗെയിംസ് തുടങ്ങിയ കായിക മത്സരങ്ങള്‍ക്ക് തയ്യാറെടുക്കാന്‍ താരങ്ങള്‍ക്ക് കഴിയില്ല.വനിതാ ചാമ്പ്യന്മാരെ സൃഷ്ടിക്കുന്നതിന് പേരുകേട്ട സംസ്ഥാനമാണ് മണിപ്പൂര്‍. വടക്കുകിഴക്കന്‍ സംസ്ഥാനത്തെ നിലവിലെ അവസ്ഥയില്‍ കായികതാരങ്ങള്‍ക്ക് പരിശീലനം നടത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു,ഖേലോ ഇന്ത്യ ഗെയിമുകളുടെ 2024 പതിപ്പിന് തമിഴ്നാടാണ് ആതിഥേയത്വം വഹിക്കുന്നത്.