ന്യൂഡല്‍ഹി: മണിപ്പൂരിലെ കലാപം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്‍റില്‍ വിശദമായ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ.
രാജ്യത്തെ വടക്ക്-കിഴക്കന്‍ പ്രദേശങ്ങളില്‍ സ്ഥിതി മോശമാണെന്നും, മണിപ്പൂരിലെ കലാപത്തിന്‍റെ പ്രത്യാഘാതം മറ്റ് സംസ്ഥാനങ്ങളെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തിന്‍റെ അതിര്‍ത്തി പ്രദേശത്തുള്ള സംസ്ഥാനങ്ങള്‍ക്ക് ഇത് പ്രതിസന്ധിയുണ്ടാക്കുമെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.മണിപ്പൂരിലെ അക്രമത്തെക്കുറിച്ച് മോദി സര്‍ക്കാരില്‍ നിന്ന് പ്രതിപക്ഷ സഖ്യമായ ഇന്ത്യ അത് ആവശ്യപ്പെടുന്നു.ഖാര്‍ഗെ ട്വീറ്റ് വഴി വ്യക്തമാക്കി.മോദി ഇനിയെങ്കിലും തന്‍റെ അഹംബോധം വെടിയണമെന്നും, മണിപ്പൂര്‍ വിഷയത്തില്‍ രാജ്യത്തിന്‍റെ ആത്മവിശ്വാസം വീണ്ടെടുക്കേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മണിപ്പൂരിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും, സ്ഥിതിഗതികള്‍ എപ്പോഴാണ് പൂര്‍വ്വസ്ഥിതിയാകുകയെന്നും പ്രധാനമന്ത്രി വ്യക്തമാക്കണമെന്നും ഖാര്‍ഗെ ആവശ്യപ്പെട്ടു.
വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നുള്ള കൃത്യവിലോപം നടുക്കുന്നതാണെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി. പ്രശ്നം പരിഹരിച്ച് സമാധാനം പുനസ്ഥാപിക്കുന്നതില്‍ ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
