ന്യൂഡല്‍ഹി: സംഘര്‍ഷം തുടരുന്നതിനിടെ, സംസ്ഥാന രൂപവത്കരണ വാര്‍ഷിക ദിനത്തില്‍ മണിപ്പൂരിലെ ജനങ്ങള്‍ക്ക് ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഇന്ത്യയുടെ പുരോഗതിക്ക് മണിപ്പൂര്‍ മികച്ച സംഭാവന നല്‍കിയിട്ടുണ്ടെന്നും സംസ്ഥാനത്തിന്‍റെ സംസ്കാരത്തിലും പാരമ്പര്യത്തിലും രാജ്യം അഭിമാനിക്കുന്നതായും മണിപ്പൂരിന്‍റെ തുടര്‍ച്ചയായ വികസനത്തിനായി താന്‍ പ്രാര്‍ഥിക്കുന്നതായും മോദി എക്സില്‍ കുറിച്ചു. ജന്മദിനമാഘോഷിക്കുന്ന ത്രിപുര, മേഘാലയ ജനങ്ങള്‍ക്കും മോദി ആശംസ നേര്‍ന്നു.
അതേസമയം, മോദി മണിപ്പൂരിന് ആശംസ നേര്‍ന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. സമൂഹ മാധ്യമങ്ങളിലൂടെ ആശംസ അറിയിക്കാനേ പ്രധാനമന്ത്രിക്ക് കഴിയൂവെന്നും കലാപം മൂലം തീരാദുരിതത്തിലായ ജനങ്ങളെ സന്ദര്‍ശിക്കാന്‍ അദ്ദേഹത്തിന് സമയം കിട്ടിയിട്ടുണ്ടാകില്ലെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് എക്സില്‍ കുറിപ്പിട്ടു. മണിപ്പൂരിന് ആശംസ നേര്‍ന്നതിലൂടെ മോദിയുടെ കാപട്യമാണ് പുറത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മേയില്‍ തുടങ്ങിയ കലാപത്തിന്‍റെ തുടര്‍ച്ചയായി അവിടെ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. സാമൂഹിക സൗഹാര്‍ദം തകര്‍ന്നു. എന്നിട്ടും മോദി മൗനം പാലിക്കുകയാണ്. സംസ്ഥാനത്തെ രാഷ്ട്രീയ നേതൃത്വത്തെയും പ്രതിപക്ഷത്തെയും കാണാന്‍ പോലും പ്രധാനമന്ത്രി തയാറാകുന്നില്ലെന്നും ജയ്റാം രമേശ് കുറ്റപ്പെടുത്തി. 1971ലെ നോര്‍ത്ത് ഈസ്റ്റ് ഏരിയ (പുന:സംഘടന) നിയമം നിലവില്‍ വന്നതോടെയാണ് മണിപ്പൂര്‍, ത്രിപുര, മേഘാലയ സംസ്ഥാനങ്ങള്‍ രൂപവത്കൃതമായത്.
അതേസമയം, മണിപ്പൂരില്‍ ഇപ്പോഴും സംഘര്‍ഷം തുടരുകയാണ്. മെയില്‍ കുക്കികളും മെയ്തേയികളും തമ്മില്‍ തുടങ്ങിയ സംഘര്‍ഷത്തില്‍ ഇതുവരെ 200ലേറെ പേര്‍ മരിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ചയും മണിപ്പൂരില്‍ സംഘര്‍ഷങ്ങളില്‍ ആളുകള്‍ കൊല്ലപ്പെട്ടിരുന്നു.