ഇരിട്ടി: കര്‍ണാടകയില്‍ ഹാസന് ജില്ലയിലെ ചെന്നരായപട്ടണത്തുനിന്നുതുടങ്ങി ഹൊളെനരസിപ്പൂര് അര്‍ക്കല്‍ഗുഡ് കൊല്ലന്പേട്ട മടിക്കേരി വീരാജ്പേട്ട മാക്കൂട്ടം ചുരംപാത വഴി കൂട്ടുപുഴ പാലത്തിന് സമീപം അവസാനിക്കുന്ന റോഡ് ദേശീയപാതയാക്കാന്‍ ആലോചന.കുടക് എം.പി പ്രതാപ് സിംഹ കേന്ദ്ര റോഡ് ട്രാന്‍സ്പോര്‍ട്ട് ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരിക്ക് നല്കിയ നിവേദനത്തിലാണ് ഇതുസംബന്ധിച്ച ഉറപ്പു നല്‍കിയത്.കര്‍ണാടകത്തിലെ ഹാസന്, കുടക് ജില്ലകള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് പ്രതാപ് സിംഹ എം.പിയും വീരാജ്പേട്ട എം.എല്‍.എ കെ.ജി. ബൊപ്പയ്യയും നിവേദനം നല്‍കിയിരുന്നു. വിശദമായ പദ്ധതിരേഖയും റിപ്പോര്‍ട്ടും കേന്ദ്രമന്ത്രിക്ക് കൈമാറി.ഹാസന് ജില്ലയിലെ ചെന്നരായപട്ടണത്തുനിന്ന് തുടങ്ങി കേരള കര്‍ണാടക അതിര്‍ത്തിയായ കൂട്ടുപുഴ പാലത്തിനുസമീപം അവസാനിക്കുന്ന ദേശീയപാതയുടെ നീളം 183 കിലോമീറ്റര്‍ വരും. ഇതില്‍ 20 കിലോമീറ്ററോളം റോഡ് ബ്രഹ്മഗിരി വന്യജീവി സങ്കേത്തിലൂടെയാണ് കടന്നുപോകുന്നത്. 1600 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് കണക്കാക്കുന്നത്.ഇരു സംസ്ഥാനങ്ങളിലെയും വിനോദസഞ്ചാര പദ്ധതികള്‍ക്കും പാത ഏറെ ഗുണം ചെയ്യും. കര്‍ണാടകത്തിലെ കശ്മീര്‍ എന്നറിയപ്പെടുന്ന കുടകിനെ ആഭ്യന്തര അന്തര്‍ദേശീയ ടൂറിസം മേഖലയിലെ പ്രധാന കണ്ണിയാക്കി മാറ്റാന്‍ കഴിയും.
കാപ്പി, കുരുമുളക് അടക്കമുള്ള നാണ്യവിളകള്‍ യഥാസമയം മറ്റു സ്ഥലങ്ങളിലേക്ക് എത്തിക്കാന്‍ നേരിടുന്ന പ്രയാസങ്ങള്‍ക്കും പരിഹാരമാകും. ഈ മേഖലയിലുള്ളവര്‍ക്ക് കണ്ണൂര്‍ വിമാനത്താവളത്തെ പ്രയോജനപ്പെടുത്തുന്നതിനും സഹായകരമാകും.