മഞ്ജുവിനെ വിസ്തരിക്കുന്നത് ദിലീപ് എതിര്‍ക്കുന്നത് തെളിവ് തടയാനെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

Top News

ന്യൂഡല്‍ഹി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ മുന്‍ ഭാര്യയും നടിയുമായ മഞ്ജുവാര്യരെ വിസ്തരിക്കുന്നതിനെ നടന്‍ ദിലീപ് എതിര്‍ക്കുന്നത് തനിക്കെതിരായ തെളിവുകള്‍ തടയാനാണെന്ന് കേരള സര്‍ക്കാര്‍.വിസ്തരിച്ചവരെ വീണ്ടും വിസ്തരിച്ച് പ്രോസിക്യൂഷന്‍ കേസ് വൈകിപ്പിക്കുകയാണെന്ന ദിലീപിന്‍റെ വാദം തള്ളി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മഞ്ജുവിനെ വിസ്തരിക്കാതിരിക്കാന്‍ ദിലീപ് നിരത്തിയ വാദങ്ങള്‍ അസത്യവും അടിസ്ഥാനരഹിതവുമാണ്. ദിലീപിനെതിരായ ഡിജിറ്റല്‍ തെളിവുകള്‍ സ്ഥാപിക്കാനും വോയിസ് റെക്കോര്‍ഡിങ് അടക്കം ദിലീപ് നശിപ്പിച്ചത് തെളിയിക്കാനുമാണ് മഞ്ജു ഉള്‍പ്പടെ നാല് സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നത്.മലയാള സിനിമ മേഖലയെ നിയന്ത്രിച്ചിരുന്ന ദിലീപിന്‍റെ വിവാഹേതര ബന്ധം ഭാര്യ മഞ്ജുവാര്യരോട് വെളിപ്പെടുത്തുകയും തുടര്‍ന്ന് അവര്‍ വിവാഹമോചിതരാകുകയും ചെയ്തതിന് പ്രതികാരമായി തെന്നിന്ത്യന്‍ നടിയെ പീഡിപ്പിച്ച് അതിന്‍റെ വീഡിയോ പകര്‍ത്താന്‍ ഡ്രൈവറും ഗുണ്ടയുമായ ഒന്നാം പ്രതിയുമായി ദിലീപ് ഗൂഢാലോചന നടത്തിയതാണ് കേസ്. രഹസ്യ സ്വഭാവത്തില്‍ ഏറ്റവും ഹീനമായ തരത്തില്‍ നടത്തിയ കുറ്റകൃത്യമാണിത്.
ദിലീപിന്‍റെ വൈദ്ഗധ്യവും സ്വാധീനവും അന്വേഷണ ഏജന്‍സിക്കു വെല്ലുവിളിയായിരുന്നു. തനിക്കെതിരായ തെളിവ് കോടതിയില്‍ എത്താതിരിക്കാനാണ് ദിലീപ് ശ്രമിക്കുന്നത്. ആക്രമിക്കപ്പെട്ട നടി പുറത്തു പറയാന്‍ ധൈര്യപ്പെടില്ലെന്ന വിശ്വാസത്തില്‍ ആസൂത്രണം ചെയ്ത കൃത്യം അന്വേഷിച്ചപ്പോള്‍ സാക്ഷികളെ ഒളിപ്പിച്ചും തെളിവുകള്‍ മറച്ചുപിടിച്ചും വ്യാജ പ്രചാരണങ്ങളിലൂടെയും ആദ്യഘട്ടത്തില്‍ തന്‍റെ പങ്ക് മറച്ചുപിടിക്കാന്‍ ദിലീപിന് കഴിഞ്ഞു. എന്നാല്‍ വ്യക്തമായ തെളിവുകള്‍ ശേഖരിച്ചതോടെ ദിലീപ്പ്രതിയായെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *