ശബരിമല: മകരവിളക്ക് ഇന്ന്. ദിവ്യജ്യോതി ദര്‍ശിക്കാന്‍ ഭക്തര്‍. ശബരിമലസന്നിധാനത്ത് ഇന്ന് പുലര്‍ച്ചെ 2.15-ന് നട തുറക്കും. മകരസംക്രമപൂജ നടത്തും. തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ നിന്ന് കൊണ്ടുവന്ന നെയ്ത്തേങ്ങ കൊണ്ടാണ് അഭിഷേകം നടത്തുക. വൈകിട്ട് അഞ്ച് മണിക്ക് നട തുറക്കും. 5.15 ഓടെ അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ശരംകുത്തിയിലെത്തും. തുടര്‍ന്ന് ദേവസ്വം അധികൃതര്‍ തിരുവാഭരണം ഏറ്റുവാങ്ങി സന്നിധാനത്തേക്ക് സ്വീകരിച്ചാനയിക്കും. തിരുവാഭരണം ചാര്‍ത്തി ദീപാരാധനയ്ക്ക് ശേഷം പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും.
മകരവിളക്കിന്‍റെ പിറ്റേ ദിവസമായ ജനുവരി 16 -ന് 50,000 പേര്‍ക്ക് വിര്‍ച്വല്‍ ക്യൂ വഴി ദര്‍ശനത്തിന് സൗകര്യമൊരുക്കും. 17 മുതല്‍ 20 വരെയുള്ള ദിവസങ്ങളില്‍ 60,000 പേര്‍ക്ക് വിര്‍ച്വല്‍ ക്യൂവഴി ബുക്ക് ചെയ്യാം. ജനുവരി 16 മുതല്‍ സ്പോട്ട് ബുക്കിങ്ങും അനുവദിക്കും. ജനുവരി 20 വരെ ഭക്തര്‍ക്കു ദര്‍ശനത്തിനുള്ള സൗകര്യമുണ്ടായിരിക്കും.
ദിവ്യജ്യോതി ദര്‍ശിക്കാന്‍ സന്നിധാനത്തും പരിസരത്തും ഭക്തജനപ്രവാഹമാണ്. ഭക്തര്‍ മലയിറങ്ങാതെ സന്നിധാനത്ത് തുടരുകയാണ്. രണ്ട് ലക്ഷത്തോളം ഭക്തര്‍ മകരവിളക്ക് ദര്‍ശനത്തിനായി സന്നിധാനത്തും പരിസരത്തും എത്തിച്ചേരുമെന്നാണ് വിലയിരുത്തല്‍.
ശക്തമായ സുരക്ഷ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. മകരജ്യോതി ദര്‍ശിക്കാന്‍ 10 പോയിന്‍റുകളാണുള്ളത്. ഇവിടെ കുടിവെള്ളം ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു.