ഭൗമ സൂചിക പദവിയുള്ള കാര്‍ഷികോത്പന്നങ്ങളുടെ വിപണനത്തിന് ഇനി വെബ്സൈറ്റ്

Top News

തിരുവനന്തപുരം : ഭൗമ സൂചിക പദവി ലഭിച്ച കേരളത്തിലെ കാര്‍ഷികോത്പന്നങ്ങളില്‍ നിന്ന് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനും ഓണ്‍ലൈന്‍ വിപണി കണ്ടെത്തുന്നതിനും പിന്തുണ നല്‍കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. ഇതിനുള്ള ഗവേഷണ പ്രവര്‍ത്തങ്ങള്‍ പ്രോത്സാഹിപ്പിക്കും. ഭൗമസൂചികാ പദവി ലഭിച്ച ഉത്പന്നങ്ങളുടെ വിപണി മെച്ചപ്പെടുത്തുന്നതിനായി തിരുവനന്തപുരത്ത് വ്യവസായ വകുപ്പ് സംഘടിപ്പിച്ച ജി.ഐ കോണ്‍ക്ലേവില്‍ ഉത്പന്നങ്ങളുടെ സമഗ്ര വിവരങ്ങളടങ്ങിയ വെബ്സൈറ്റ് പ്രകാശനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.ഉത്പന്നങ്ങള്‍ ആവശ്യക്കാരിലെത്തിക്കുന്നതിനായി മികച്ച മാര്‍ക്കറ്റിങ് രീതികള്‍ ഉപയോഗിക്കുന്നതിനു വകുപ്പ് പിന്തുണ നല്‍കുമെന്ന് മന്ത്രി പറഞ്ഞു. എല്ലാ ജില്ലാ വ്യവസായ കേന്ദ്രങ്ങളിലും ജി ഐ ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തും.
ഭൗമസൂചികാ പദവി ലഭിച്ച ഉത്പന്നങ്ങള്‍ ലോകത്തിന് പരിചയപ്പെടുത്തുന്നതിനും കൂടുതല്‍ വിപണി കണ്ടെത്തുന്നതിനും വകുപ്പ് നടത്തുന്ന വിവിധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് വെബ്സൈറ്റ് നിര്‍മിച്ചത്. ഉത്പന്നങ്ങളുടെ പ്രത്യേകതകള്‍, ഉത്പാദകരുടെയും വിപണനം നടത്തുന്നവരുടെയും വിവരങ്ങള്‍ തുടങ്ങിയവ ംംം.ഴശസലൃമഹമ.ശി ല്‍ ലഭ്യമാണ്. ഭാവിയില്‍ ഉത്പന്നങ്ങള്‍ ഓണ്‍ലൈന്‍ വിപണനം നടത്താനാകും വിധത്തില്‍ വൈബ്സൈറ്റില്‍ സൗകര്യമൊരുക്കും. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് നിലവില്‍ 35 ഭൗമ സൂചിക ഉത്പന്നങ്ങള്‍ കേരളത്തിലുണ്ട്. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല മുഖ്യപ്രഭാഷണം നടത്തി. വ്യവസായ വകുപ്പ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍, അഡീഷണല്‍ ഡയറക്ടര്‍ കെ സുധീര്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *