ന്യൂഡല്‍ഹി: 1984ലെ ഭോപാല്‍ വാതകദുരന്തത്തിന്‍റെ ഇരകള്‍ക്ക് ഉയര്‍ന്ന നഷ്ടപരിഹാരം നല്‍കുന്നതിനായി യൂനിയന്‍ കാര്‍ബൈഡ് കോര്‍പറേഷന്‍റെ’ (യു.സി.സി) പിന്മുറക്കാരായ സ്ഥാപനങ്ങളില്‍നിന്ന് 7844 കോടി ലഭിക്കണമെന്നാവശ്യപ്പെടുന്ന കേന്ദ്രത്തിന്‍റെ തിരുത്തല്‍ ഹരജി സുപ്രീംകോടതി തള്ളി.നേരത്തേ അറിയിച്ചപ്രകാരം ഇരകള്‍ക്ക് ഇന്‍ഷുറന്‍സ് പോളിസി തയാറാക്കാത്തതില്‍ കേന്ദ്രത്തെ കോടതി വിമര്‍ശിച്ചു. ഇത് തികഞ്ഞ നിരുത്തരവാദിത്തമാണെന്ന് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗളിന്‍റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടന ബെഞ്ച് അഭിപ്രായപ്പെട്ടു. ക്ഷേമരാഷ്ട്രമെന്ന നിലയില്‍ കേന്ദ്ര സര്‍ക്കാറിന് ഇന്‍ഷുറന്‍സ് പോളിസി ഉള്‍പ്പെടെയുള്ള കാര്യങ്ങളുമായി മുന്നോട്ടുപോകാന്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ആ വഴിക്ക് ഒരു നീക്കവും ഉണ്ടായിട്ടില്ലെന്നാണ് അറിയിച്ചത്. ഇത് നിരുത്തരവാദിത്തവും നേരത്തേ കോടതി നല്‍കിയ നിര്‍ദേശങ്ങളുടെ ലംഘനവുമാണ്. ഇക്കാര്യങ്ങള്‍ അവഗണിച്ച് യു.സി.സിയുടെ മേല്‍ ഉത്തരവാദിത്തമേല്‍പിക്കാനാകില്ല. നഷ്ടപരിഹാരം നല്‍കി രണ്ടു പതിറ്റാണ്ടിനുശേഷം വീണ്ടും വിഷയവുമായി വരുന്നതില്‍ യുക്തിയില്ല.
ഇരകളുടെ നഷ്ടപരിഹാര അപേക്ഷകളില്‍ ശേഷിക്കുന്നവ തീര്‍പ്പാക്കാന്‍ റിസര്‍വ് ബാങ്കില്‍ ഈ ആവശ്യത്തിനുള്ള 50 കോടി ഉപയോഗിക്കാമെന്ന് കോടതി നിര്‍ദേശിച്ചു. നഷ്ടപരിഹാരത്തിനായി കൂടുതല്‍ തുകയെന്ന ആവശ്യം നിയമതത്ത്വങ്ങളുമായി ചേര്‍ന്നുപോകുന്നതല്ല. ഒന്നുകില്‍ നഷ്ടപരിഹാരം സാധുവാണ്. അല്ലെങ്കില്‍ പ്രശ്നങ്ങളുണ്ട്. യു.സി.സിയുടെ നഷ്ടപരിഹാരത്തില്‍ പ്രശ്നങ്ങളുള്ളതായി കേന്ദ്രം പറയുന്നില്ല. നഷ്ടപരിഹാരം കണക്കാക്കിയ സമയത്ത് മറ്റു ചില ആഘാതങ്ങള്‍കൂടി പരിഗണിച്ചില്ലെന്നുമാത്രമാണ് കേന്ദ്രം പറയുന്നത്. അപകടശേഷം ആരോഗ്യസംവിധാനങ്ങള്‍ ദീര്‍ഘകാലത്തേക്ക് ഒരുക്കണമെന്നതും പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാകുമെന്നതും കൃത്യമായ ധാരണയുള്ളതാണ്. അപകടം നടന്ന പ്രദേശം വേണ്ടവിധം വിഷമുക്തമാക്കിയില്ല എന്ന് യു.സി.സി ആരോപിച്ചിട്ടുമുണ്ട്. പ്രശ്നത്തിലുണ്ടായ ധാരണ റദ്ദുചെയ്യാന്‍ ഇതൊന്നും ഒരു കാരണമല്ലെന്നും ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, അഭയ് എസ്. ഓക, വിക്രം നാഥ്, ജെ.കെ. മഹേശ്വരി എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. ജനുവരി 12നാണ് കേന്ദ്രത്തിന്‍റെ തിരുത്തല്‍ ഹരജി വിധി പറയാന്‍ മാറ്റിയത്.