ന്യൂഡല്‍ഹി: 2017 മാര്‍ച്ച് 7 ന് ഭോപ്പാല്‍-ഉജ്ജയിന്‍ പാസഞ്ചര്‍ ട്രെയിനില്‍ നടന്ന സ്ഫോടനത്തില്‍ ഏഴുപേര്‍ക്ക് ലഖ്നൗ പ്രത്യേക എന്‍.ഐ.എ കോടതി വധശിക്ഷ വിധിച്ചു.
മുഹമ്മദ് ഫൈസല്‍, ഗൗസ് മുഹമ്മദ് ഖാന്‍, മുഹമ്മദ് അസ്ഹര്‍, ആതിഫ് മുസാഫര്‍, മുഹമ്മദ് ഡാനിഷ്, സയ്യിദ് മീര്‍ ഹുസൈന്‍, റോക്കി എന്ന ആസിഫ് ഇഖ്ബാല്‍ എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചത്. ജബ്ദി സ്റ്റേഷന് സമീപം രാവിലെ 9.30 നും 10 നും ഇടയിലാണ് ട്രെയിനിന്‍റെ ജനറല്‍ കോച്ചില്‍ സ്ഫോടനം ഉണ്ടായത്. സംഭവത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റിരുന്നു.
മറ്റൊരു പ്രതിയായ സൈഫുല്ലയെ സംഭവ ദിവസം ലഖ്നോ ഹാജി കോളനിയില്‍ നടത്തിയ റെയ്ഡിനിടെ പൊലീസ് കൊലപ്പെടുത്തിയിരുന്നു. അന്വേഷണത്തില്‍ പ്രതികള്‍ സ്ഫോടകവസ്തുക്കള്‍ നിര്‍മിക്കുന്ന ഫോട്ടോകളും ആയുധങ്ങളും വെടിക്കോപ്പുകളും ഐസിസ് പതാകയും കണ്ടെത്തിയതായി എന്‍.ഐ.എ വക്താവ് പറഞ്ഞു.
2017 മാര്‍ച്ച് 8 ന് യു.പി തീവ്രവാദ വിരുദ്ധ സേന രജിസ്റ്റര്‍ ചെയ്ത കേസ് ആറ് ദിവസത്തിന് ശേഷം എന്‍.ഐ.എ ഏറ്റെടുക്കുകയായിരുന്നു. ഓഗസ്റ്റ് 31 ന് എട്ട് പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരി 24 നാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്.
കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും കുറ്റവാളികള്‍ കഠിനമായ ശിക്ഷയ്ക്ക് അര്‍ഹരാണെന്നും ജഡ്ജി വി എസ് ത്രിപാഠി നിരീക്ഷിച്ചു. തങ്ങള്‍ ഇതിനകം അഞ്ച് വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുകയാണെന്നും ശിക്ഷയില്‍ ഇളവ് അനുവദിക്കണമെന്നും പ്രതികള്‍ കോടതിയോട് അപേക്ഷിച്ചിരുന്നതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. പ്രതികള്‍ രാജ്യത്തിനെതിരെ യുദ്ധം ചെയ്തുവെന്നും അതിനാല്‍ ഒരു ശിക്ഷാ ഇളവിനും അര്‍ഹതയില്ലെന്നും പറഞ്ഞ കോടതി അപേക്ഷ തള്ളി. വധശിക്ഷ വിധിക്കാന്‍ ഹൈക്കോടതിയുടെ അനുമതി ആവശ്യമുള്ളതിനാല്‍ കേസ് ഫയല്‍ അലഹബാദ് ഹൈകോടതിയിലേക്ക് മാറ്റി.
മറ്റൊരുകേസില്‍ സഹോദരങ്ങളായ രണ്ടുപേര്‍ക്ക് ഗുജറാത്ത് എന്‍.ഐ.എ പ്രത്യേക കോടതി 10 വര്‍ഷം കഠിന തടവ് വിധിച്ചു. ഗുജറാത്തിലെ രാജ്കോട്ട് നിവാസികളായ വസീം ആരിഫ് റമോദിയ, നയീം ആരിഫ് റമോദിയ എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. ഐസിസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തുവെന്നാണ് ഇവര്‍ക്കെതിരായ കേസ്. അക്രമ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനുമായി ഓണ്‍ലൈന്‍ ചാറ്റുകളും സന്ദേശങ്ങളും തെളിവുകളായി അന്വേഷണ സംഘം ഹാജരാക്കി.