ഭൂമി തരം മാറ്റല്‍: 1967ന് മുന്‍പ് കെട്ടിടമോ തോട്ട രേഖയോ ഉള്ള ഭൂമി തരം മാറ്റാന്‍ വില്ലേജ് ഓഫീസര്‍ക്ക് അധികാരം നല്‍കണം

Top News

തിരുവനന്തപുരം: സംസ്ഥാനത്ത് ഭൂമിയുടെ തരം മാറ്റലിന്‍റെ പേരില്‍ ഇന്ന് ദുരിതമനുഭവിക്കുകയാണ് ബഹു ഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍.
കേരളത്തിലെ എല്ലാ ആര്‍. ഡി. ഒ ഓഫീസുകളിലും ഭൂമി തരം മാറ്റലിനായി ലക്ഷകണക്കിന് അപേക്ഷകളാണ് കെട്ടികിടക്കുന്നത്.
നെല്‍ വയല്‍ തണ്ണീര്‍ തട സംരക്ഷണ നിയമം നടപ്പാക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്തെ ഭൂമിയുടെ ഡാറ്റ ബാങ്ക് തയാറാക്കിയപ്പോഴും അതിന്‍റെ അടിസ്ഥാനത്തില്‍ തണ്ട പേര്
നിശ്ചയിച്ചപ്പോഴും ഉണ്ടായ അപാകതകളാണ് സാധാരണക്കാരായ ഭൂ ഉടമകള്‍ക്ക് ദുരിതമായി മാറിയത്. വര്‍ഷങ്ങളായി വീടും കെട്ടിടവും സ്ഥിതി ചെയുന്ന ഭൂമി ഡാറ്റ ബാങ്കില്‍ നിലവും നഞ്ചയും തണ്ണീര്‍ തടവും എല്ലാമായി മാറി.കേരളത്തില്‍ ഭൂവിനിയോഗം സംബന്ധിച്ച് നിയമം വരുന്നതിന് മുന്‍പ് തന്നെ വീടും കെട്ടിടവും കച്ചവട സ്ഥാപനങ്ങളും ഉള്ള ഭൂമി പോലും ഇതില്‍ നിലം ആയി മാറി. വര്‍ഷങ്ങളായി ആധാരത്തിലും കൈവശവകാശരേഖയിലും തോട്ടം എന്ന് രേഖപെടുത്തപ്പെട്ട ഭൂമി എങ്ങനെ നിലമായി മാറി എന്നറിയാതെ ആശ്ചര്യപെടുകയാണ് ഭൂ ഉടമകള്‍.
ഇത് തരം മാറ്റി കിട്ടാതെ പുതിയ വീടോ കെട്ടിടമോ ഉണ്ടാക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. ഇതിനെ തുടര്‍ന്നാണ് ഭൂമി തരം മാറ്റി കിട്ടാനായി ജനങ്ങള്‍ നെട്ടോട്ടം ഓടി തുടങ്ങിയത്.
ഭൂമി തരം മാറ്റി കൊടുക്കാനുള്ള അധികാരം നിലവില്‍ ഓരോ സ്ഥലത്തേയും ആര്‍. ഡി. ഒ മാര്‍ക്കാണ്. ഓരോ ദിവസവും ആയിരക്കണക്കിന് ആളുകളാണ് ഇതിനായി ആര്‍. ഡി. ഒ ഓഫീസുകളില്‍ അപേക്ഷയുമായി കയറിയിറങ്ങുന്നത്.
സബ് ഡിവിഷന്‍ മജിസ്ട്രേറ്റിന്‍റെ ചുമതല കൂടി നിര്‍വഹിക്കുന്ന ആര്‍. ഡി. ഒ മാര്‍ക്ക് തരം മാറ്റലിന്‍റെ ചുമതല കൂടി ആയപ്പോള്‍ ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയായി.മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ഭൂമി തരം മാറ്റുന്നതിന് നിരവധി നിയമങ്ങളും ഉപ നിയമങ്ങളും കൊണ്ടുവരുന്നതിനാല്‍ ഈ അപേക്ഷകളില്‍ ഒന്നിലും ഉദ്യോഗസ്ഥന്‍ മാര്‍ തീരുമാനം കൈകൊള്ളുന്നില്ല. ഇതോടെ പല ഓഫീസുകളിലും അപേക്ഷ സമര്‍പ്പിച്ചവരും ഉദ്യോഗസ്ഥന്‍മാരുമായി വാക്ക് തര്‍ക്കവും സംഘര്‍ഷവും പതിവ് കാഴ്ചയായി.
ഭൂമി തരം മാറ്റുന്നതിനുള്ള എല്ലാ അപേക്ഷയും ആര്‍. ഡി. ഒ ഓഫീസില്‍ സ്വീകരിക്കേണ്ടതിന് പകരം 1967ല്‍ ഭൂ വിനിയോഗ നിയമം നടപ്പില്‍ വരുന്നതിന് മുന്‍പ് വീടോ കെട്ടിടമോ ആധാരങ്ങളില്‍ രേഖപ്പെടുത്തിയിട്ടുള്ള തോട്ടമായും, ഡാറ്റാബാങ്കില്‍ ഉള്‍പ്പെടാത്തതുമായ അത്തരം ഭൂമി തരം മാറ്റി നല്‍കുന്നതിന് വില്ലേജ് ഓഫീസര്‍മാര്‍ക്ക് അധികാരം നല്‍കാവുന്നതാണ്.
1967ന് മുന്‍പ് കെട്ടിടം ഉണ്ടായിരുന്ന ഭൂമി ആണെങ്കില്‍ അത് ഒരിക്കലും നെല്‍ വയലോ തണ്ണീര്‍ തടമോ ആവാന്‍ സാധ്യത ഇല്ലലോ.
ഇത്തരം അപേക്ഷകളില്‍ വില്ലേജ് ഓഫീസില്‍ തീര്‍പ്പ് കല്പിച്ചാല്‍ നിലവില്‍ ആര്‍. ഡി. ഒ. ഓഫീസുകളില്‍ കെട്ടികിടക്കുന്ന അപേക്ഷകളില്‍ വലിയ ഒരു കുറവുണ്ടാവും. അതുകൊണ്ട് തന്നെ മറ്റ് അപേക്ഷകളില്‍ വളരെ പെട്ടന്ന് ഉചിതമായ തീരുമാനം കൈകൊള്ളാനും സാധിക്കും.സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും ഉചിതമായതീരുമാനമാണ് ഇക്കാര്യത്തില്‍ ഇനി ഉണ്ടാവേണ്ടത്.
സ്വന്തമായി ഒരു തുണ്ട് ഭൂമിയും അതില്‍ ഒരു വീടും എന്നത് ഏതൊരു വ്യക്തിയുടെയും മൗലിക അവകാശമാണ്.
അത് നേടി കൊടുക്കേണ്ടത് സര്‍ക്കാരിന്‍റെ കടമയുമാണ്.ഇക്കാര്യം ഭരണാധികാരികള്‍ ഓര്‍ക്കണം. അതീവ ശ്രദ്ധയോടെ തയാറാക്കേണ്ട രേഖകള്‍ ചില ഉദ്യോഗസ്ഥര്‍ അലസ മനോഭാവത്തില്‍ കൈകാര്യം ചെയ്തതിന്‍റെ ദുരിതമാണ് ഇന്ന് കേരളത്തിലെ ബഹു ഭൂരിപക്ഷം അനുഭവിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *