ഭൂമി തരംമാറ്റല്‍ : റവന്യൂ മന്ത്രിയുടേത് കണ്ണില്‍ ചോരയില്ലാത്ത നിലപാട്

Kerala

കോഴിക്കോട് : ഭൂമി തരംമാറ്റല്‍ വിഷയത്തില്‍ റവന്യൂ മന്ത്രി കെ. രാജന്‍റേത് കണ്ണില്‍ ചോരയില്ലാത്ത നിലപാട്.അപേക്ഷകളില്‍ നടപടി വൈകിപ്പിച്ചു പണം കൊള്ളയടിക്കുന്ന നിലപാട് സ്വീകരിക്കുന്ന മന്ത്രി രാജന്‍ ഭൂഉടമസ്ഥര്‍ കോടതിയില്‍ പോയി അനുകൂലവിധി വാങ്ങിക്കോട്ടെ എന്ന നിര്‍ദ്ദേശമാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്നത്.നിയമപരമായ രേഖകളെല്ലാം ശരിയാണെങ്കിലും സാധാരണക്കാര്‍ക്ക് ഭൂമി തരംമാറ്റം ചെയ്തുകൊടുക്കാതെ താമസിപ്പിക്കുകയാണ് മന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍.
ഭൂമി തരംമാറ്റല്‍ തീര്‍പ്പ് വൈകിപ്പിക്കുന്നതിന് പുതുതായി ഐ. എ. എസ് ലഭിച്ചവരെയാണ് ഇപ്പോള്‍ 14 ജില്ലകളിലും ആര്‍.ഡി.ഒ മാരായി നിയമിക്കുന്നത്. ഇവര്‍ക്ക് അനുഭവസമ്പത്ത് കുറവായതിനാല്‍ വിവേചനാധികാരം ഉപയോഗിച്ച് കാര്യങ്ങള്‍ ചെയ്യുന്നതിന് പരിമിതിയുണ്ട്. സാധാരണയായി ഡെപ്യൂട്ടി കലക്ടര്‍മാരായി പ്രവര്‍ത്തിച്ച് വളരെ അനുഭവസമ്പത്തുള്ളവരെയാണ് ആര്‍.ഡി ഒ. തസ്തികയില്‍ നിയമിക്കാറ്. ചട്ടങ്ങളും നിയമങ്ങളും ഹൃദിസ്ഥമായതുകൊണ്ടും ഈ മേഖലയില്‍ പരിചയമുള്ളതിനാലും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പെട്ടെന്ന് കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും. എന്നാല്‍ റവന്യൂ മന്ത്രിയുടെ താല്‍പ്പര്യപ്രകാരം ജൂനിയര്‍ ഐ.എ.എസ് ഉദ്യോഗസ്ഥരെ നിയമിച്ചു. ഭൂമി തരംമാറ്റല്‍ പ്രക്രിയ സാവധാനത്തിലാക്കാനും പണം പിഴിഞ്ഞെടുക്കാനും വേണ്ടിയാണ് ഇത്തരമൊരു നീക്കം മന്ത്രി നടത്തിയത്.
പൊതുജനങ്ങളുടെ നന്മയ്ക്കും ജനങ്ങളെ സഹായിക്കാനും വേണ്ടിയാണ് നിയമങ്ങളെന്നു നിരവധിതവണ കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍ റവന്യൂ വകുപ്പിന്‍റെ നിയമങ്ങള്‍ ജനങ്ങള്‍ക്ക് ദ്രോഹമാകുന്നവിധത്തിലാണ് നടപ്പിലാക്കുന്നത്. ഭൂമി തരംമാറ്റാന്‍ അപേക്ഷ കൊടുത്തു കാത്തിരിക്കുന്നവരോട് പണം അടച്ചു തരംമാറ്റിക്കൊള്ളാനാണ് പറയുന്നത്. അഞ്ചും പത്തും സെന്‍റ് ഭൂമിയുള്ള വ്യക്തികള്‍ വീടുണ്ടാക്കാന്‍ തന്നെ സാമ്പത്തികമായി ഞെരുങ്ങുന്നു. അപ്പോഴാണ് പണമടച്ച് ഭൂമി തരംമാറ്റാന്‍ കൂടി പറയുന്നത്. റവന്യൂ വകുപ്പിന്‍റെ ഈ നിലപാട് അത്യന്തം അന്യായവും അധാര്‍മികവും പ്രതിഷേധാര്‍ഹവുമാണ്.
ഭൂമി തരംമാറ്റല്‍ പ്രക്രിയ സുഗമമാക്കാന്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് ചുമതല നല്‍കിയാല്‍ സാധ്യമാകുമെന്നിരിക്കെ ആര്‍ .ഡി. ഒ മാരില്‍ ഇത് നിക്ഷിപ്തമാക്കിയത് നടപടിക്രമങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നതിനും പണം ഈടാക്കുന്നതിനും വേണ്ടിയാണ്.വില്ലേജ് ഓഫീസുകളില്‍ സൂക്ഷിച്ചിട്ടുള്ള ഭൂമിയെ സംബന്ധിച്ചുള്ള സുപ്രധാന രജിസ്റ്ററാണ് ബേസിക് ടാക്സ് രജിസ്റ്റര്‍(ബി. ടി. ആര്‍) അഥവാ അടിസ്ഥാനഭൂനികുതി രജിസ്റ്റര്‍. ബ്രിട്ടീഷ് ഭരണകാലത്ത് നടപ്പാക്കിയ ബി. ടി. ആറില്‍ മാറ്റംവരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഇതൊന്നും കണക്കിലെടുക്കാതെയാണ് തരംമാറ്റല്‍ പ്രക്രിയ ബോധപൂര്‍വ്വം നീട്ടിക്കൊണ്ടു പോകുന്നത്.
ഭൂമി തരംമാറ്റി കിട്ടാത്തതിനെ തുടര്‍ന്ന് ഒരു ഭൂഉടമ ആത്മഹത്യ ചെയ്തപ്പോള്‍ പിറ്റേന്ന് തന്നെ തരംമാറ്റിയതിന്‍റെ രേഖകള്‍ വീട്ടിലെത്തി മന്ത്രി നല്‍കി. ആ വ്യക്തി ജീവനൊടുക്കാന്‍ വരെ കാത്തിരുന്ന ശേഷം ഉടന്‍ ഭൂമി തരംമാറ്റി നല്‍കി. വേണമെങ്കില്‍ പെട്ടെന്ന് പരിഹരിക്കാവുന്ന നടപടിയാണിതെന്ന് മന്ത്രിയുടെ ഈ പ്രവര്‍ത്തിയിലൂടെ ബോധ്യമാകുന്നു. പിന്നെന്തിനാണ് വര്‍ഷങ്ങളോളം വെച്ച് താമസിപ്പിക്കുന്നത്? അപേക്ഷകരില്‍ നിന്നും പണം പിഴിഞ്ഞ് അക്ഷരാര്‍ത്ഥത്തില്‍ കൊള്ളയടിക്കാന്‍ തന്നെ.
ഇക്കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ റവന്യൂ മന്ത്രി കെ. രാജന്‍, സംസ്ഥാന ചീഫ് സെക്രട്ടറിയെ ശാസിക്കുകയും വിമര്‍ശിക്കുകയും ഉണ്ടായി. ഭൂമി തരം മാറ്റത്തിലൂടെ ലഭിച്ച കോടിക്കണക്കിന് രൂപ തദ്ദേശ സ്വയംഭരണവകുപ്പിലേക്ക് വകമാറ്റാനും ഭവനനിര്‍മ്മാണ ബോര്‍ഡ് പിരിച്ചുവിടാനും ചീഫ് സെക്രട്ടറി മുന്നോട്ടുവച്ച നിര്‍ദ്ദേശമാണ് മന്ത്രിയെ ചൊടിപ്പിച്ചത്. മുഖ്യമന്ത്രി തടയാന്‍ ശ്രമിച്ചിട്ട് പോലും പിന്മാറാതെ രൂക്ഷമായ ഭാഷയില്‍ അദ്ദേഹം ചീഫ് സെക്രട്ടറിയെ വിമര്‍ശിക്കുകയുണ്ടായെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ സൂപ്പര്‍ മുഖ്യമന്ത്രി ആകേണ്ടന്നും ഇവിടെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ എല്‍.ഡി.എഫും മന്ത്രിസഭയും ഉണ്ടെന്നും അദ്ദേഹം ചീഫ് സെക്രട്ടറിയോട് പറഞ്ഞു.
ഇങ്ങനെ പറഞ്ഞ മന്ത്രി, താന്‍ സാധാരണ ജനങ്ങളുടെ പക്ഷത്തു നില്‍ക്കുന്നുണ്ടോ എന്ന് സ്വയം ചിന്തിക്കണം. കേരളത്തില്‍ 20 ലക്ഷം അപേക്ഷകരാണ് ഭൂമി തരം മാറ്റാന്‍ അപേക്ഷ നല്‍കി വര്‍ഷങ്ങളായി കാത്തിരിക്കുന്നത്. ഭൂമിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളോ ക്രയവിക്രയമൊ നടത്താന്‍ കഴിയാതെ, ഒരു വീടെന്ന ചിരകാലാഭിലാഷം നിറവേറ്റാന്‍ കഴിയാതെവരുന്ന സാധാരണക്കാരുടെ അവസ്ഥയെ ചൂഷണംചെയ്തു സാമ്പത്തികമായി പിഴിയാന്‍ ഉപയോഗപ്പെടുത്തുകയാണ് മന്ത്രി ചെയ്യുന്നത്. ഇതിന്‍റെയൊക്കെ പരിണിതഫലം ഇനിയൊരു തുടര്‍ഭരണം എല്‍.ഡി.എഫിന് നല്‍കണ്ട എന്ന ചിന്തയിലേക്ക് ജനങ്ങള്‍ എത്തിക്കഴിഞ്ഞു.
ഈയിടെ തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിലെ ടിക്കറ്റ്നിരക്ക് വര്‍ദ്ധനവിനെപ്പറ്റി മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ പട്ടിണിപ്പാവങ്ങള്‍ കളി കാണാന്‍വരേണ്ട എന്നു കായികവകുപ്പ് മന്ത്രി പറഞ്ഞപ്പോള്‍ ഉണ്ടായ പ്രത്യാഘാതം ഓര്‍മ്മിക്കുക. സ്റ്റേഡിയത്തിന്‍റെ 90 ശതമാനവും ഒഴിഞ്ഞു കിടന്നു. ജനങ്ങള്‍ കളി കാണാതെ ബഹിഷ്കരിച്ചു. ഇതേ അനുഭവം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് സംഭവിച്ചേക്കാം.
അര്‍ഹതപ്പെട്ടവരുടെ ഭൂമി തരംമാറ്റല്‍ വര്‍ഷങ്ങളോളം വെച്ച് താമസിപ്പിക്കുന്നവര്‍, കണ്ടല്‍ക്കാടുകളും തണ്ണീര്‍ത്തടങ്ങളും വയലുകളും നികത്തി കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ പെട്ടെന്ന് അനുവാദം നല്‍കുന്ന സംഭവങ്ങളും ഉണ്ടാകുന്നുണ്ട്. പാവപ്പെട്ടവര്‍ക്ക് ഒരു നീതി, പണക്കാര്‍ക്ക് മറ്റൊരു നീതി എന്ന നിലയിലാണ് കാര്യങ്ങളുടെ പോക്ക്. ഇത്തരം വിഷയങ്ങളെക്കുറിച്ച് അന്വേഷണാത്മക പരമ്പര തയ്യാറാക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രദീപം.

Leave a Reply

Your email address will not be published. Required fields are marked *