ഭൂകമ്പം ; മരണസംഖ്യ 11000 കടന്നു

Kerala

തുര്‍ക്കിയിലും സിറിയയിലും നാശം വിതച്ച ഭൂകമ്പങ്ങളില്‍ മരിച്ചവരുടെ എണ്ണം 11,000 കടന്നു. തുര്‍ക്കിയില്‍ 8,574പേരും സിറിയയില്‍ 2,662പേരും മരിച്ചതായാണ് റിപ്പോര്‍ട്ട്.ഇതോടെ മരണസംഖ്യ 11,236 ആയി. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങളില്‍ സഹായം അഭ്യര്‍ത്ഥിച്ച് സിറിയ യൂറോപ്യന്‍ യൂണിയനെ സമീപിച്ചു. സിറിയയുടെ ഭാഗത്തുനിന്ന് അഭ്യര്‍ത്ഥന ലഭിച്ചതായും അംഗങ്ങളുമായി ആലോചിച്ച് സഹായ നടപടികള്‍ സ്വീകരിക്കുമെന്നും യൂറോപ്യന്‍ യൂണിയന്‍ ക്രൈസിസ് മാനേജ്മെന്‍റ് കമ്മീഷണര്‍ വ്യക്തമാക്കി.അതേസമയം, തുര്‍ക്കിയില്‍ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ വീഴ്ചപറ്റിയെന്ന് പ്രസിഡന്‍റ് തയ്യീപ് എര്‍ദോഗന്‍ പറഞ്ഞു. ദുരന്തത്തിന്‍റെ ആദ്യ ദിനം ചില മേഖലകളില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച പറ്റിയിട്ടുണ്ട്. ജനങ്ങള്‍ സംയമനം പാലിക്കണം എന്ന് എര്‍ദോഗന്‍ പറഞ്ഞു. ദുരന്ത മേഖലയില്‍ ചില പ്രദേശങ്ങളില്‍ രക്ഷാ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.റോഡുകളും വിമാനത്താവളങ്ങളും തകര്‍ന്ന അവസ്ഥയിലായതിനാല്‍ ആണ് പ്രശ്നം സംഭവിച്ചതെന്നും വരുംദിവസങ്ങളില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ മെച്ചപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ അധികൃതരുമായി മാത്രം ആശയവിനിമയം നടത്തണം. പ്രകോപനപരമായ സന്ദേശങ്ങള്‍ ഒഴിവാക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഇന്ധന ക്ഷാമം നേരിടുന്നുണ്ട്. അത് വരുംദിവസങ്ങളില്‍ പരിഹരിക്കും.
ആരും തെരുവില്‍ ഉറങ്ങേണ്ടിവരില്ല. എല്ലാവര്‍ക്കും പുതിയ വീടുകള്‍ നിര്‍മ്മിച്ച് നല്‍കും. ഇത് നമ്മള്‍ ഒരുമിച്ച് നില്‍ക്കേണ്ട സമയമാണെന്നും തുര്‍ക്കി പ്രസിഡന്‍റ് കൂട്ടിച്ചേര്‍ത്തു. ദുരന്ത മേഖലകള്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു എര്‍ദോഗന്‍റെ പ്രതികരണം.ഭൂകമ്പങ്ങള്‍ ദുരന്തം വിതച്ച തുര്‍ക്കിയില്‍ നിന്ന് ദാരുണ ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന പ്രധാന നഗരമായ അദാനയിലെ തുറസ്സായ പ്രദേശങ്ങളിലും പാര്‍ക്കുകളിലും മൈതാനങ്ങളിലും മൃതശരീരങ്ങള്‍ കൂട്ടിയിട്ടിരിക്കുയാണെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.അന്താക്യ നഗരത്തില്‍ ആശുപത്രിയുടെ പരിസരത്തെ ഗ്രൗണ്ടില്‍ മൃതദേഹങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നു. ചിലത് ബ്ലാങ്കറ്റുകള്‍ കൊണ്ട് മൂടിയിട്ടുണ്ട്. മറ്റു ചിലത് ബോഡി ബാഗുകള്‍ക്കുള്ളിലാണ്.കടുത്ത മഴയും മഞ്ഞുവീഴ്ചയും തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് ബുദ്ധിമുട്ട് നേരിടുന്നുണ്ട്. പ്രധാന തെരുവുകളിലെല്ലാം താത്ക്കാലിക അഭയാര്‍ത്ഥി കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *