ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്യാന്‍ അഫ്ഗാന്‍ മണ്ണ് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുതരണം: താലിബാന് മുന്നറിയിപ്പുമായി ഇന്ത്യയും യുഎസും

Top News

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ സാമൂഹിക രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ച് വിലയിരുത്തി യുഎസ്ഇന്ത്യഭീകര വിരുദ്ധ സംയുക്ത സമിതി .
താലിബാന്‍, രാജ്യം പിടിച്ചെടുത്തതിന് ശേഷം ഇസ്ലാമിക് സ്റ്റേറ്റും, അല്‍ഖ്വയ്ദയും, പാകിസ്താന്‍ ആസ്ഥാനമായുള്ള മറ്റ് ഭീകരഗ്രൂപ്പുകളും അഫ്ഗാന്‍ മണ്ണില്‍ വീണ്ടും സംഘടിക്കുന്നു എന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ഭീകരവിരുദ്ധ സംയുക്ത സമിതിയുടെ കൂടിയാലോചന. അഫ്ഗാന്‍ പ്രദേശത്ത് നിന്നുള്ള ഭീകരാക്രമണ ഭീഷണികളില്‍ പരിഹാരം കാണുന്നതിന് ഇരുരാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്നും സംയുക്ത സമിതി അറിയിച്ചു. ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അല്‍ഖ്വയ്ദയുമായും മറ്റ് തീവ്രവാദ ഗ്രൂപ്പുകളുമായും താലിബാന്‍ ഇപ്പോഴും ബന്ധം തുടരുകയാണ്.
അഫ്ഗാന്‍ മണ്ണില്‍ തീവ്രവാദം ഇല്ലെന്ന് ഉറപ്പാക്കാന്‍ താലിബാന് സാധിക്കണമെന്നും ഇന്ത്യ യുഎസ് സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. യു എന്‍ എസ് സി പ്രമേയം 2593 (2021) അനുസരിച്ച്, അഫ്ഗാനിസ്ഥാന്‍റെ മണ്ണ് ഇനിയൊരിക്കലും തീവ്രവാദികളെ പരിശീലിപ്പിക്കാനോ ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്യാനോ ധനസഹായം നല്‍കാനോ ഉപയോഗിക്കില്ലെന്ന് ഉറപ്പാക്കണം. സംയുക്ത പ്രസ്താവനയില്‍ ഇരുരാജ്യങ്ങളും ഇക്കാര്യമാണ് പ്രധാനമായും ആവശ്യപ്പെട്ടിരിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങളെക്കുറിച്ചും തീവ്രവാദ ഭീഷണികളെക്കുറിച്ചും ഇരു രാജ്യങ്ങളും ചര്‍ച്ചകള്‍ തുടരും.
നാര്‍ക്കോട്ടിക് ഭീകര സംഘങ്ങളെകുറിച്ചും അന്തര്‍ദേശീയ ആയുധക്കടത്തിനെ പ്രതിരോധിക്കുന്നതിനും ഇരുപക്ഷവും ചര്‍ച്ചകള്‍ നടത്തി. ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിനൊപ്പം ഉറച്ചുനില്‍ക്കുമെന്നും യുഎസ് ആവര്‍ത്തിച്ചു വ്യക്തമാക്കി.
യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിന്‍റെ ഉപരോധ സമിതി നിരോധിച്ച ഗ്രൂപ്പുകളായ അല്‍ഖ്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ്, ലഷ്കര്‍ ഇ തൊയ്ബ , ജയ്ഷെ ഇ മുഹമ്മദ് എന്നിവയുള്‍പ്പെടെ എല്ലാ ഭീകര ഗ്രൂപ്പുകള്‍ക്കെതിരെയും നടപടിയെടുക്കണമെന്നും ഇരു രാജ്യങ്ങളും താലിബാനോട് ആവശ്യപ്പെട്ടു.
കള്ളപ്പണം വെളുപ്പിക്കലിനെതിരായുള്ള ആഗോള മാനദണ്ഡങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണം.
തീവ്രവാദത്തിന് ധനസഹായം നല്‍കുന്നതിനെതിരെ പോരാടാന്‍ എല്ലാ ലോകരാജ്യങ്ങളും തയ്യാറാവണമെന്നും ഇരു രാജ്യങ്ങളും ആവശ്യപ്പെട്ടു. വിദേശകാര്യ മന്ത്രാലയത്തിലെ തീവ്രവാദ വിരുദ്ധ ജോയിന്‍റ് സെക്രട്ടറി മഹാവീര്‍ സിംഗ്വിയും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് ആക്ടിംഗ് കോര്‍ഡിനേറ്റര്‍ ജോണ്‍ ഗോഡ്ഫ്രെയും ആണ് ഇരു രാജ്യങ്ങളെയും പ്രതിനിധീകരിച്ച് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *