ഭീകരവാദത്തെ പിന്തുണയ് ക്കുന്നത് നിര്‍ത്തിയാല്‍ ചര്‍ച്ചയെക്കുറിച്ച് ആലോചിക്കാമെന്ന് പാകിസ്താനോട് ഇന്ത്യ

Top News

ന്യൂഡല്‍ഹി: ഭീകരവാദത്തിനുള്ള പിന്തുണ അവസാനിപ്പിച്ചാല്‍ പാകിസ്താനുമായുള്ള ചര്‍ച്ച ആലോചിക്കാമെന്ന് ആവര്‍ത്തിച്ച് കേന്ദ്രം.ഭീകരതയും ശത്രുതയും ഇല്ലാത്ത അന്തരീക്ഷത്തില്‍ മാത്രമേ സമാധാന ചര്‍ച്ചയ്ക്ക് സാധ്യതയുള്ളൂവെന്ന് പാകിസ്താന്‍ വിഷയത്തില്‍ വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ച്ചി വ്യക്തമാക്കി. ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന പാക് പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടി നല്‍കിയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പാകിസ്താനുമായുള്ള ബന്ധത്തില്‍ ഇന്ത്യ സ്വീകരിക്കുന്ന നിലപാട് ആവര്‍ത്തിച്ചുകൊണ്ടാണ് ചര്‍ച്ചയുണ്ടാകില്ലെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ച്ചി വ്യക്തമാക്കിയത്. നല്ല അയല്‍ ബന്ധം തന്നെയാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാല്‍ ഭീകരതയും പ്രകോപനങ്ങളും ഇല്ലാത്ത സാഹചര്യത്തില്‍ മാത്രമേ ചര്‍ച്ചയെക്കുറിച്ച് ആലോചിക്കൂവെന്നും അദ്ദേഹം പറഞ്ഞു. കശ്മീര്‍ ഉള്‍പ്പടെയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്‍റെ പ്രതികരണത്തെക്കുറിച്ചുള്ള മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അരിന്ദം ബാഗ്ച്ചി ഇക്കാര്യം അറിയിച്ചത്.
നേരത്തെ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പ്രതികരിച്ചത്. ഇന്ത്യയുമായുള്ള യുദ്ധങ്ങള്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ദുരിതവും ദാരിദ്ര്യവും തൊഴിലില്ലായ്മയുമാണ് സൃഷ്ടിച്ചതെന്നും പാക് പ്രധാനമന്ത്രി തുറന്നു പറഞ്ഞിരുന്നു. എന്നാല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന ഷെഹ്ബാസ് ഷെരീഫിന്‍റെ പ്രതികരണത്തെ വിമര്‍ശിച്ച് പാകിസ്താനിലെ പ്രതിപക്ഷ കക്ഷികള്‍ രംഗത്ത് വന്നതോടെ കശ്മീരിലെ പ്രത്യേക അധികാരം റദ്ദാക്കിയത് പുനഃസ്ഥാപിച്ചാല്‍ മാത്രം ചര്‍ച്ചയ്ക്ക് തയ്യറാണെന്ന് പാക് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *