ന്യൂഡല്‍ഹി: ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനാകാത്ത സാഹചര്യത്തില്‍ പാകിസ്താനെ ഗ്രേ ലിസ്റ്റില്‍ തന്നെ നിലനിര്‍ത്തുമെന്ന് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ് (എഫ്എടിഎഫ്). പാകിസ്താന് പുറമെ ഭീകരപ്രവര്‍ത്തനങ്ങള്‍ ഗണ്യമായി കൂടിയ തുര്‍ക്കി, ജോര്‍ദ്ദാന്‍, മാലി എന്നീ രാജ്യങ്ങളേയും പുതിയതായി ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. അതേസമയം പാകിസ്താന് ഗ്രേ ലിസ്റ്റില്‍ നിന്ന് ഒഴിവാകാനുള്ള നിര്‍ദ്ദേശങ്ങളോട് സഹകരിക്കുന്നുണ്ടെന്നും, എഫ്എടിഎഫ് നിര്‍ദ്ദേശിച്ച നാല് കാര്യങ്ങള്‍ മാത്രമാണ് ഇനി പൂര്‍ത്തിയാക്കാനുള്ളതെന്നും പ്ലെയര്‍ പറഞ്ഞു. അതുകൊണ്ട് തന്നെ പാകിസ്താനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തില്ല.
ഭീകരവാദികള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് തടയാന്‍ കഴിയാത്ത സാഹചര്യത്തില്‍ പാകിസ്താനെ ഗ്രേ ലിസ്റ്റില്‍ തന്നെ നിലനിര്‍ത്തുമെന്ന് ഈ കഴിഞ്ഞ ജൂണില്‍ എഫ്എടിഎഫ് വ്യക്തമാക്കിയിരുന്നു.
ഹാഫിസ് സയീദ്, മസൂദ് അസ്ഹര്‍ എന്നിവരുള്‍പ്പെടെ യുഎന്നിന്റെ ഭീകരവാദ പട്ടികയില്‍ ഉള്‍പ്പെട്ടവരെക്കുറിച്ച് അന്വേഷണം നടത്തി വിചാരണ ചെയ്യാനും എഫ്എടിഎഫ് പാകിസ്താനോട് നിര്‍ദ്ദേശിച്ചിരുന്നു. ഭീകരവാദവുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലനില്‍ക്കുന്ന എല്ലാ പ്രശ്നങ്ങളും പരിഹരിച്ചാല്‍ മാത്രമേ പാകിസ്താന് ഗ്രേ ലിസ്റ്റില്‍ നിന്ന് ഒഴിവാകാന്‍ സാധിക്കൂ. ഭീകരവാദത്തിനെതിരായ നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് പാകിസ്താന് എഫ്എടിഎഫ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
