ന്യൂഡല്‍ഹി: ഭീകരരുടെ സാമ്പത്തിക വിവരങ്ങള്‍ കേന്ദ്രത്തിന് നല്‍കാനായി ബാങ്കുകളോട് നിര്‍ദേശിച്ച് ആര്‍ബിഐ.കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഭീകരരായി പ്രഖ്യാപിച്ച പത്ത് പേരുടെ സാമ്പത്തിക വിവരങ്ങള്‍ കൈമാറാനാണ് ബാങ്കുകളോടും ധനകാര്യ സ്ഥാപനങ്ങളോടും ആര്‍ബിഐ ആവശ്യപ്പെട്ടത്. ഹിസ്ബുള്‍ മുജാഹിദീന്‍, ലഷ്കറെ ത്വയ്ബ അടക്കമുള്ള തീവ്രവാദ സംഘടനകളില്‍പ്പെട്ടവര്‍ റിസര്‍വ് ബാങ്ക് നല്‍കിയ ലിസ്റ്റില്‍പ്പെടുന്നു. നിരോധിത സംഘടനാംഗങ്ങളായ ഇവരെ ഒക്ടോബര്‍ നാലിന് ആഭ്യന്തര മന്ത്രാലയം ഭീകരരായി പ്രഖ്യാപിച്ചിരുന്നു.
ലിസ്റ്റില്‍ ഉള്‍പ്പെടുന്ന വ്യക്തികളോടോ സ്ഥാപനങ്ങളോടോ സാമ്യമുള്ള അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് ചെയ്യണമെന്ന് റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ച നിര്‍ദേശത്തില്‍ പരാമര്‍ശിക്കുന്നു. പാകിസ്ഥാന്‍ പൗരനായ ഹബീബുള്ള മാലിക്, ജമ്മുവിലെ ബരാമുള്ള സ്വദേശിയായ ബാസിത് അഹമ്മദ് റെഷി, സോപാര്‍ സ്വദേശിയായ സജാദ്, പൂഞ്ചില്‍ നിന്നുള്ള സലിം, പുല്‍വാമ സ്വദേശിയായ ഷെയ്ഖ് ജമീല്‍ ഉര്‍ റഹ്മാന്‍ പാകിസ്ഥാനില്‍ നിന്നും ഭീകര പ്രവര്‍ത്തനത്തിലേര്‍പ്പെടുന്ന ഇംതിയാസ് അഹമ്മദ് കണ്ടൂ എന്നിവരുള്‍പ്പെടെ ബാബര്‍, റഫീഖ് നായി, ഇര്‍ഷാദ് അഹ്മദ്, ബഷീര്‍ അഹമ്മദ് പീര്‍, ബഷീര്‍ അഹമ്മദ് ഷെയ്ഖ് അടങ്ങുന്നവരാണ് റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ട ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.