മൊസൂള്‍: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ സൃഷ്ടിച്ച ഉണങ്ങാത്ത മുറിവുകള്‍ പേറുന്ന വടക്കന്‍ ഇറാക്കില്‍ സമാധാനം പ്രഘോഷിച്ചു ഫ്രാന്‍സിസ് മാര്‍പാപ്പ. ഇറാക്ക് സന്ദര്‍ശനത്തിന്റെ മൂന്നാംദിനം മൊസൂള്‍, ഇര്‍ബില്‍, ഖറാക്കോഷ് എന്നിവിടങ്ങളിലെ പീഡനങ്ങള്‍ നേരിട്ട ക്രൈസ്തവര്‍ക്കൊപ്പം ചെലവഴിച്ച മാര്‍പാപ്പ, ക്ഷമാശീലത്തിന്റെ ശക്തിയെക്കുറിച്ചും സ്നേഹത്തില്‍ അധിഷ്ഠിതമായി സമൂഹം പുനര്സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സംസാരിച്ചു. ഇന്നലെ രാവിലെ ബാഗ്ദാദില്‍നിന്നു വിമാനത്തില്‍ ഇര്‍ബിലിലെത്തിയ മാര്‍പാപ്പയെ കുര്‍ദിസ്ഥാന്‍ മേഖലയുടെ പ്രസിഡന്റ് നെചിര്വന് ബര്‍സാനി സ്വീകരിച്ചു. തുടര്‍ന്ന് മാര്‍പാപ്പ ഹെലികോപ്റ്ററില്‍ മൊസൂളിലേക്കു പോയി. ഇവിടത്തെ പള്ളി ചത്വരത്തില്‍, ഇസ്ലാമിക് സ്റ്റേറ്റിന്റെ പീഡനങ്ങള്ക്കിരയായവര്ക്കുവേണ്ടി പ്രാര്‍ഥിച്ചു. ചത്വരത്തിനു ചുറ്റുമുണ്ടായിരുന്ന സിറിയന്‍ കത്തോലിക്ക, അര്‍മേനിയന്‍ ഓര്‍ത്തഡോക്സ്, സിറിയന്‍ ഓര്‍ത്തഡോക്സ്, കല്‍ദായ പള്ളികള്‍ ഐഎസ് ഭീകരര്‍ നശിപ്പിച്ചുകളഞ്ഞതാണ്. പ്രാര്‍ഥനാവേദിയില്‍ സ്ഥാപിച്ചിരുന്ന കുരിശ്, ഐഎസ് തകര്‍ത്ത പള്ളികളില്‍ അവശേഷിച്ച മരസാമാനങ്ങള്‍ ഉപയോഗിച്ചു നിര്‍മിച്ചതായിരുന്നു.
സഹോദരഹത്യയേക്കാള് ദൃഢമായതു സഹോദരസ്നേഹമാണെന്നും പ്രതീക്ഷയ്ക്കു വിദ്വേഷത്തേക്കാളും സമാധാനത്തിനു യുദ്ധത്തേക്കാളും, ശക്തിയുണ്ടെന്നു തെളിയിക്കപ്പെട്ടെന്നും മാര്‍പാപ്പ പറഞ്ഞു.
തുടര്‍ന്ന് സമീപ പട്ടണമായ ഖറാക്കോഷിലേക്കു പോയ മാര്‍പാപ്പ അവിടുത്തെ പുനരുദ്ധരിക്കപ്പെട്ട ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ സിറിയന്‍ കത്തോലിക്കാ പള്ളിയില്‍ ക്രൈസ്ത വിശ്വാസികളുമായി കൂടിക്കാഴ്ച നടത്തി. 2014ല്‍ മൊസൂളടക്കം കീഴടക്കിയ ഐഎസ് ഭീകരര്‍ ഈ പള്ളി തകര്‍ക്കുകയും പള്ളിപ്പരിസരം ഇരകളെ വെടിവച്ചുകൊല്ലാനുള്ള സ്ഥലമായി ഉപയോഗിക്കുകയും ചെയ്തിരുന്നു. ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖല ആയിരുന്ന ഖറാക്കോഷില്നിന്നു പലായനം ചെയ്യപ്പെട്ടവരില്‍ പലരും ഐഎസിന്റെ പരാജയത്തിനുശേഷം മടങ്ങിവരാന്‍ തുടങ്ങിയിട്ടുണ്ട്. കെട്ടിടങ്ങള്‍ മാത്രമല്ല, സമൂഹത്തെയും പുനര്‍സൃഷ്ടിക്കാനുള്ള സമയമാണിതെന്നു മാര്‍പാപ്പ പറഞ്ഞു. ക്ഷമാശീലത്തിലും സാഹോദര്യത്തിലും സമൂഹത്തെ പുനര്‍നിര്‍മിക്കണം. തീവ്രവാദം അവസാന വാക്കല്ലെന്നു വ്യക്തമാക്കുന്നതാണ് ഇവിടത്തെ ഈ കൂട്ടായ്മയെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.
ഖറാക്കോഷില്നിന്ന് ഇര്‍ബിലില്‍ മടങ്ങിയെത്തിയ മാര്‍പാപ്പ ഫ്രാന്‍സോ ഹരീരി ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. പതിനായിരത്തോളം പേര് പങ്കെടുത്തു. തിരിച്ചു ബാഗ്ദാദിലെത്തിയ മാര്‍പാപ്പ അപ്പസ്തോലിക സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്നു റോമിലേക്കു മടങ്ങും.