മുംബൈ: ഇന്ത്യന്‍ ഫുട്ബോളിനെ പ്രശംസിച്ച് ജര്‍മ്മന്‍ ഇതിഹാസ ഗോള്‍കീപ്പര്‍ ഒലിവര്‍ ഖാന്‍. ഫുട്ബോളില്‍ ഇന്ത്യക്ക് അപാരമായ സാധ്യതകളുണ്ടെന്നും ഭാവിയില്‍ ഇന്ത്യ ലോകകപ്പില്‍ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുംബൈയിലെ ജിഡി സോമാനി സ്കൂള്‍ സന്ദര്‍ശിച്ച് വിദ്യാര്‍ത്ഥികളുമായി സംവദിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫുട്ബോളില്‍ ഇന്ത്യക്ക് അപാരമായ സാധ്യതകളുണ്ട്. ഫുട്ബോളിനോട് ഇവിടെ കാണുന്ന അഭിനിവേശം അവിശ്വസനീയമാണ്. ഇന്ത്യയുടെ സമ്പന്നമായ കായിക സംസ്കാരവും മനോഹരമായ കളിയും സമന്വയിപ്പിച്ച് ഫുട്ബോളിലേക്ക് സ്വന്തം പാത വെട്ടിത്തെളിക്കാനുള്ള സമയമാണിത്. ആഗോള വേദിയില്‍ ഇന്ത്യ ഉടന്‍ വലിയ ശക്തിയായി മാറുമെന്നും ലോകകപ്പില്‍ മത്സരിക്കുമെന്നും ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു.
ലയണല്‍ മെസ്സിയെയോ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയോ പോലെയുള്ള റോള്‍ മോഡലുകളെ ആരാധിക്കുകയല്ല ഇന്ത്യന്‍ യുവാക്കള്‍ ഇപ്പോള്‍ ചെയ്യേണ്ടത്. മറിച്ച് രാജ്യത്തെ ഫുട്ബോളിനെ മുന്നോട്ട് കൊണ്ടുപോകാന്‍ ഘടനാപരമായ ഒരു സംവിധാനം ഉണ്ടാക്കുകയാണ് വേണ്ടത് ഒലിവര്‍ഖാന്‍ അഭിപ്രായപ്പെട്ടു.
റോള്‍ മോഡലുകള്‍ ഉണ്ടാകുന്നതില്‍ തെറ്റൊന്നുമില്ല. എന്നാല്‍ ആത്യന്തികമായി ഇന്ത്യന്‍ ഫുട്ബോളിനെ മുന്നോട്ട് കൊണ്ടുപോകുന്നത് നാട്ടില്‍ വളര്‍ന്നു വരുന്ന പ്രതിഭകളാണ്.
എന്തുകൊണ്ട് നിങ്ങളുടെ മണ്ണില്‍ നിന്ന് ഇന്ത്യന്‍ കളിക്കാരെയും ഇന്ത്യന്‍ റോള്‍ മോഡലുകളെയും ഉണ്ടാക്കിയെടുക്കുന്നില്ല? -അദ്ദേഹം ചോദിച്ചു.
