ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ ഉദ്ഘാടനത്തിന് നിബന്ധനകളോടെ അനുമതി നല്‍കി മണിപ്പൂര്‍ സര്‍ക്കാര്‍. ചുരുക്കം ആളുകളെ ഉള്‍ക്കൊള്ളിച്ച് ഉദ്ഘാടനം നടത്താനാണ് അനുമതി. ഉദ്ഘാടനത്തിന് ആദ്യം സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു.
ഞായറാഴ്ചയാണ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര മണിപ്പൂരിലെ ഇംഫാലില്‍ നിന്ന് ആരംഭിക്കുന്നത്. പാലസ് ഗ്രൗണ്ടില്‍ ഉദ്ഘാടന ചടങ്ങിന് ആദ്യം എന്‍ ബിരേന്‍സിംഗ് സര്‍ക്കാര്‍ അനുമതി നിഷേധിച്ചെങ്കിലും മണിക്കൂറുകള്‍ക്കകം നിബന്ധനകളോടെ അനുമതി നല്‍കുകയായിരുന്നു. വളരെ കുറച്ച് ആളുകളെ ഉദ്ഘാടനത്തിന് പങ്കെടുപ്പിക്കാം. എത്ര ആളുകള്‍ പങ്കെടുക്കുന്നു എന്നും അവരുടെ പേരും മുന്‍കൂട്ടി അറിയിക്കണം. മുഖ്യമന്ത്രിയുടെ പരിപാടി പാലസ് ഗ്രൗണ്ടില്‍ അന്നേ ദിവസം ഉണ്ടെന്നും മറുപടിയില്‍ പറയുന്നു.
രാഷ്ട്രീയ കാരണം കൊണ്ട് മാത്രമാണ് മണിപ്പൂര്‍ സര്‍ക്കാര്‍ യാത്രയെ എതിര്‍ക്കുന്നത് എന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ. സി. വേണുഗോപാല്‍ ആരോപിച്ചു. അനുമതി നിഷേധിച്ചാലും പരിപാടി ഇംഫാലില്‍ നിന്ന് മാറ്റില്ല എന്ന് കോണ്‍ഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു. യാത്രയുടെ മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായതായി കോണ്‍ഗ്രസ് അറിയിച്ചു.ഞായറാഴ്ച ആരംഭിക്കുന്ന യാത്ര 66 ദിവസം കൊണ്ട് 6713 കിലോ മീറ്റര്‍ സഞ്ചരിക്കും.