. രാഹുല്‍ഗാന്ധിക്കെതിരെ കേസ്
ഗുവാഹത്തി : ഭാരത് ജോഡോ ന്യായ് യാത്ര നടത്തുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം. അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മയാണ് ഡി.ജി.പിക്ക് നിര്‍ദേശം നല്‍കിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാരിക്കേഡ് പൊളിച്ചതിലാണ് രാഹുല്‍ ഗാന്ധിക്കെതിരെ നടപടി. ബാരിക്കേഡ് പൊളിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ തെളിവായി എടുക്കുമെന്ന് ഹിമന്ദ ബിശ്വ ശര്‍മ പറഞ്ഞു.
രൂക്ഷ വിമര്‍ശനമാണ് രാഹുലിനെതിരേയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേയും അസം മുഖ്യമന്ത്രി നടത്തിയത്. നക്സലേറ്റ് രീതികള്‍ കോണ്‍ഗ്രസ് സംസ്കാരമാണെന്നും അസം സംസ്കാരം ഇതല്ലെന്നും അസം സമാധാനപരമായ സംസ്ഥാനമെന്നും ഹിമന്ദ ബിശ്വശര്‍മ പറഞ്ഞു. നിര്‍ദേശങ്ങള്‍ തെറ്റിച്ചതിനെ തുടര്‍ന്ന് ഗുവാഹത്തിയില്‍ ഗതാഗത തടസ്സമുണ്ടായെന്നും രാഹുല്‍ പ്രവര്‍ത്തകരെ പ്രകോപിപിച്ചുവെന്നതടക്കം കണക്കിലെടുത്താണ് കേസെന്നും ഹിമന്ദ ബിശ്വശര്‍മ കൂട്ടിച്ചേര്‍ത്തു.
ഭാരത് ജോഡോ ന്യായ് യാത്ര ഗുവാഹത്തിയിലേക്ക് കടക്കുന്നത് പൊലീസ് തടഞ്ഞതിനെതുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. രാഹുലിന്‍റെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാരിക്കേഡ് പൊളിച്ച് നീക്കുകയായിരുന്നു. ഗുവാഹത്തി നഗരത്തിലൂടെയുള്ള രാഹുല്‍ഗാന്ധിയുടെ യാത്ര കടന്നുപോകുന്നത് അസം പൊലീസ് തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമായത്. പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊളിച്ച് നീക്കി. ഇതോടെ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. രാഹുല്‍ഗാന്ധി ബസിന് മുകളില്‍ നില്‍ക്കുമ്പോഴായിരുന്നു നാടകീയ സംഭവങ്ങള്‍.