കൊച്ചി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ ഗതാഗത തടസം ഉണ്ടാക്കുന്നുവെന്നാരോപിച്ചുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. ആരോപണം തെളിയിക്കാന്‍ ഉതകുന്ന രേഖകള്‍ ഹാജരാക്കുന്നതില്‍ ഹര്‍ജിക്കാരന്‍ പരാജയപ്പെട്ടെന്ന് കണ്ടെത്തിയാണ് ഹര്‍ജി തള്ളിയത്. യാത്ര സമാധാനപരമായി കടന്നു പോകുകയാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നിയമ വിരുദ്ധ നടപടികള്‍ക്കെതിരെ കേസുകള്‍ എടുത്തതായും സര്‍ക്കാര്‍ വ്യക്തമാക്കി. അഡ്വ. കെ.വിജയനാണ് ഹര്‍ജി നല്‍കിയത്. ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ പൊലീസിനു നിര്‍ദ്ദേശം നല്‍കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.
ജാഥ ഒരു വശത്തുകൂടി പോകുമ്പോള്‍ എതിര്‍ വശത്തുകൂടി ഗതാഗതത്തിന് തുറന്ന് കൊടുക്കണം. സുരക്ഷയ്ക്കായി നിയോഗിക്കുന്ന പൊലീസുകാരുടെ ചിലവ് സംഘടകരില്‍ നിന്നും ഈടാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. രാഹുല്‍ ഗാന്ധി, കെ പി സി സി പ്രസിഡന്‍റ് തുടങ്ങിയവരെ എതിര്‍ കക്ഷികളാക്കിയാണ് ഹര്‍ജി നല്‍കിയത് .ചീഫ് ജസ്റ്റീസ് അ ദ്ധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.