കുറ്റിപ്പുറം: ഭാരതപ്പുഴയില്‍ പന്ത് കളിക്കുന്നതിനിടെ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. പയ്യോളി അയനിക്കാട് ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായിരുന്ന പി.കെ.
ഇന്ദിരയുടെയും മുന്‍ വാര്‍ഡ് മെംബര്‍ എസ്.പി. രമേശന്‍റെയും മകന്‍ അശ്വിന്‍ (11), തവനൂര്‍ കാര്‍ഷിക എന്‍ജിനീയറിങ് കോളജിലെ ജീവനക്കാരി ടി.കെ. മോളിയുടെയും പരേതനായ രാജേഷിന്‍റെയും മകന്‍ ആയൂര്‍ എം. രാജ് എന്ന ആരോമല്‍ (13) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് 2.30ഓടെയായിരുന്നു അപകടം.
തവനൂര്‍ കാര്‍ഷിക കോളജിന്‍റെ പിറകുവശത്തുള്ള കടവില്‍ ഫുട്ബാള്‍ കളിക്കവെയാണ് അപകടത്തില്‍പ്പെട്ടത്. കളിക്കിടെ പുഴയിലേക്ക് തെറിച്ചുവീണ പന്ത് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ പുഴയില്‍ മുങ്ങിത്താഴുകയായിരുന്നു.
കുട്ടികളുടെ നിലവിളി കേട്ട്, പശുവിനെ മേയ്ക്കാന്‍ വന്ന ആളുകള്‍ ഉടന്‍ രക്ഷാപ്രവര്‍ത്തനം നടത്തി കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കുറ്റിപ്പുറം എം.ഇ.എസ് സ്കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ആയൂര്‍ രാജ്. രണ്ട് വര്‍ഷം മുമ്പാണ് ആയൂര്‍ രാജിന്‍റെ പിതാവ് മരിക്കുന്നത്. സഹോദരി: അംഗിത. അശ്വിന്‍ ആയൂര്‍ രാജിന്‍റെ ബന്ധുവാണ്.