തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പ്രസംഗത്തില്‍ മുന്‍ മന്ത്രി സജി ചെറിയാനെതിരെയുള്ള അന്വേഷണം നിര്‍ത്തലാക്കാന്‍ പൊലീസ്.ഭരണഘടനാ വിരുദ്ധ പരാമര്‍ശം തെളിയിക്കാനാകില്ല എന്ന നിയമോപദേശത്തെ മുന്‍നിര്‍ത്തിയാണ് കേസ് അവസാനിപ്പിക്കാനൊരുങ്ങുന്നത്. എംഎല്‍എയ്ക്കെതിരായ ക്രിമിനല്‍ കേസ് നിലനില്‍ക്കില്ല എന്ന് പബ്ളിക് പ്രോസിക്യൂട്ടറാണ് പൊലീസിന് നിയമോപദേശം നല്‍കിയത്.
മല്ലപ്പള്ളിയില്‍ വെച്ച് നടന്ന വിവാദ പ്രസംഗത്തില്‍ ഭരണഘടനാ വിരുദ്ധ പരമാര്‍ശം നടത്തി എന്ന ആരോപണമുണ്ടായതിന് പിന്നാലെ രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിലെ മന്ത്രിയായിരുന്ന സജി ചെറിയാന്‍ രാജി വെച്ചൊഴിഞ്ഞിരുന്നു. സിപിഎം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയ്ക്കിടയിലായിരുന്നു അദ്ദേഹം ഭരണഘടനയിലെ മൗലികാവകാശങ്ങള്‍ ചുക്കും ചുണ്ണാമ്പും ആണെന്നതടക്കമുള്ള പരാമര്‍ശം നടത്തിയത്. സംഭവത്തില്‍ തിരുവല്ല കോടതിയുടെ നിര്‍ദേശപ്രകാരം പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും പ്രസംഗത്തിന്‍റെ വീഡിയോയില്‍ കൃത്രിമം നടന്നിട്ടുണ്ടോ എന്നതടക്കം പരിശോധനയും നടത്തിയിരുന്നു. എന്നാല്‍ കേസെടുത്ത് അഞ്ച് മാസങ്ങള്‍ക്ക് ശേഷം നിയമോപദേശം ചൂണ്ടിക്കാട്ടി അന്വേഷണം അവസാനിപ്പിക്കാനാണ് പൊലീസിന്‍റെ നീക്കം. ഇതിനായി പൊലീസ് തിരുവല്ല ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയെ സമീപിക്കും.കേസന്വേഷണം അവസാനിപ്പിക്കുന്നതിന് മുന്‍പ് പൊലീസ് പരാതിക്കാരനായ അഡ്വ. ബൈജു നോയലിന് നോട്ടീസ് നല്‍കും. പൊലീസിന്‍റെ നിലപാട് കോടതി അംഗീകരിച്ചാലും പരാതിക്കാരന് പുനഃപരിശോധനയ്ക്കായി മേല്‍ക്കോടതിയെ സമീപിക്കാനാകും. സജി ചെറിയാന്‍ കൈകാര്യം ചെയ്തിരുന്ന വകുപ്പുകളില്‍ പകരം മന്ത്രിയെ നിയമിക്കാതെ മന്ത്രിസഭയിലെ നിലവിലുള്ള മന്ത്രിമാര്‍ക്ക് വിഭജിച്ച് നല്‍കുകയാണ് ചെയ്തത്.