ഭക്ഷ്യ സ്വയംപര്യാപ്തതയ്ക്കായി ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുമായി കൃഷി വകുപ്പ്

Top News

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളിലും കാര്‍ഷിക സംസ്കാരം ഉണര്‍ത്തുക, കേരളത്തെ ഭക്ഷ്യ സ്വയംപര്യാപ്തതയില്‍ എത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കൃഷി വകുപ്പിന്‍റെ നേതൃത്വത്തില്‍ ‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന പദ്ധതി നടപ്പാക്കുമെന്നു കൃഷി മന്ത്രി പി. പ്രസാദ്. സര്‍ക്കാരിന്‍റെ രണ്ടാം നൂറു ദിന പരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതി പ്രകാരം സംസ്ഥാനത്ത് കുറഞ്ഞത് പതിനായിരം കാര്‍ഷിക ഗ്രൂപ്പുകള്‍ രൂപീകരിക്കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കേരളീയരില്‍ കാര്‍ഷിക സംസ്കാരം ഉണര്‍ത്തുക, വിഷരഹിത ഭക്ഷണ ഉത്പാദനത്തില്‍ ഓരോ കേരളീയ ഭവനത്തേയും പങ്കാളിയാക്കുക, സ്ഥായിയായ കാര്‍ഷിക മേഖല സൃഷ്ടിക്കുക, ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കുക, കാര്‍ഷിക മേഖലയിലെ മൂല്യ വര്‍ധനവ് പ്രയോജനപ്പെടുത്തി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുക, സുരക്ഷിത ഭക്ഷണം ലഭ്യമാക്കുക, മണ്ണിനെ സമ്പുഷ്ടമാക്കുക, പ്രകൃതിയെ സംരക്ഷിക്കുക, കാര്‍ഷിക മേഖലയെ ഇതര ഭക്ഷ്യമേഖലകളുമായി കോര്‍ത്തിണക്കുക, കാര്‍ഷിക കൂട്ടായ്മയിലൂടെ ഒരു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, തനതു കാര്‍ഷിക വിഭവങ്ങളെ സംരക്ഷിക്കുക എന്നിവയാണു പദ്ധതിയുടെ ലക്ഷ്യങ്ങളെന്നും മന്ത്രി പറഞ്ഞു.
എല്ലാ കുടുംബങ്ങളേയും കൃഷിയിലേക്കു കൊണ്ടുവരുന്നതിനായി ഒരു സെന്‍റ് പച്ചക്കറി കൃഷി, മട്ടുപ്പാവ് കൃഷി, ഹൈടെക് കൃഷി, ആഢംബര ചെടികള്‍ക്കൊപ്പമുള്ള പച്ചക്കറി കൃഷി തുടങ്ങിയ മാര്‍ഗങ്ങള്‍ സ്വീകരിക്കും. കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍, സ്ത്രീകള്‍, യുവാക്കള്‍, പ്രവാസികള്‍, റെസിഡന്‍സ് അസോസിയേഷനുകള്‍, കുട്ടികള്‍ എന്നിവരുടെ ഗ്രൂപ്പുകള്‍ പദ്ധതിക്കായി രൂപീകരിക്കും. അഞ്ചു മുതല്‍ പ്ത്തു വരെ അംഗങ്ങളാകും ഒരു ഗ്രൂപ്പില്‍ ഉണ്ടാകുക. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ നടപ്പാക്കുന്ന പദ്ധതിക്ക് കൃഷി വകുപ്പിന്‍റെ ധനസഹായം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം, കേന്ദ്രാവിഷ്കൃത പദ്ധതികളില്‍നിന്നുള്ള ധനസഹായം, ബാങ്ക് ലോണ്‍, സി.എസ്.ആര്‍. സ്പോണ്‍സര്‍ഷിപ്പ്, പ്രാഥമിക സഹകരണ ബാങ്കുകളുടെ ഫണ്ട് തുടങ്ങിയവ പ്രയോജനപ്പെടുത്തും. പദ്ധതിയുടെ സംസ്ഥാനതല നിര്‍വഹത്തിനായി കൃഷി മന്ത്രി അധ്യക്ഷനായും തദ്ദേശ ഭരണ വകുപ്പ് മന്ത്രി, ജല വിഭവ വകുപ്പ് മന്ത്രി, സഹകരണ വകുപ്പ് മന്ത്രി, മത്സ്യബന്ധന വകുപ്പ് മന്ത്രി, യുവജനക്ഷേമ വകുപ്പ് മന്ത്രി, മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി എന്നിവര്‍ ഉപാധ്യക്ഷന്‍മാരായും കാര്‍ഷികോത്പാദന കമ്മിഷണര്‍ കണ്‍വീനറായും ഉന്നതതല നിര്‍വാഹക സമിതി രൂപീകരിച്ചിട്ടുണ്ട്. ഇതിനു പുറമേ ജില്ലാതലത്തിലും പ്രാദേശിക തലത്തിലും സമിതികള്‍ രൂപീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *