ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ നികുതിയിതര വരുമാനത്തില്‍ സര്‍വകാല റെക്കോര്‍ഡ്

Top News

തിരുവനന്തപുരം : ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ നികുതിയിതര വരുമാനത്തില്‍ സര്‍വകാല റെക്കോര്‍ഡെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ വര്‍ഷം ഏപ്രില്‍ ഒന്നു മുതല്‍ ആഗസ്റ്റ് 31 വരെ 9.62 കോടി രൂപയാണ് നികുതിയിതര വരുമാനമായി ഭക്ഷ്യസുരക്ഷാ വകുപ്പിന് ലഭിച്ചത്. ഫുഡ് സേഫ്റ്റി ലൈസന്‍സ്, രജിസ്ട്രേഷന്‍ ഫീ ഇനത്തില്‍ 7.71 കോടി രൂപയും, ഫൈന്‍ വഴി 78.59 ലക്ഷം രൂപയും, അഡ്ജ്യൂഡിക്കേഷന്‍ മൂലമുള്ള ഫൈന്‍ വഴി 51.51 ലക്ഷം രൂപയും, കോടതി മുഖേനയുള്ള ഫൈന്‍ വഴി 3.28 ലക്ഷം രൂപയും, സാമ്പിള്‍ അനലൈസിസ് ഫീസായി 58.09 ലക്ഷം രൂപയുമാണ് ലഭ്യമായത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കേവലം അഞ്ച് മാസം കൊണ്ട് നികുതിയിതര വരുമാനത്തില്‍ ഇരട്ടിയിലധികം തുകയാണ് അധികമായി ലഭിച്ചത്. ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കിയതാണ് ഇതിന് കാരണമെന്നും മന്ത്രി വ്യക്തമാക്കി.
ജനങ്ങള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പ് വരുത്തുന്നതിനായി വലിയ പ്രവര്‍ത്തനങ്ങളാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തുന്നത്. നല്ല ഭക്ഷണം നാടിന്‍റെ അവകാശം എന്ന കാമ്പയിന്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കി. ഈ കാമ്പയിന്‍റെ ഭാഗമായി ഓപ്പറേഷന്‍ ഷവര്‍മ, ഓപ്പറേഷന്‍ മത്സ്യ, ഓപ്പറേഷന്‍ ജാഗറി തുടങ്ങിയവ നടപ്പിലാക്കി പരിശോധനകള്‍ ശക്തമാക്കി. ഷവര്‍മ്മ നിര്‍മ്മാണത്തിന് മാര്‍ഗനിര്‍ദേശം പുറത്തിറക്കി. ക്ലീന്‍ സ്ട്രീറ്റ് ഫുഡ് ഹബ്ബ് പദ്ധതി നടപ്പിലാക്കി.
സംസ്ഥാനത്ത് സഞ്ചരിക്കുന്ന പുതിയ 6 ഭക്ഷ്യ പരിശോധനാ ലബോറട്ടറികള്‍ സജ്ജമാക്കി. എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലാബുകളുള്ള ആദ്യ സംസ്ഥാനമായി കേരളം മാറി. മികച്ച പ്രവര്‍ത്തനങ്ങളിലൂടെ ഫുഡ് സേഫ്റ്റി ആന്‍റ് സ്റ്റാന്‍റേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയില്‍ സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന് രണ്ടാം സ്ഥാനം ലഭിച്ചു. കൂടാതെ എഫ്.എസ്.എസ്.എ.ഐ.യുടെ ഈറ്റ് റൈറ്റ് ചലഞ്ചില്‍ സംസ്ഥാനത്തെ നാല് നഗരങ്ങള്‍ക്ക് ദേശീയ പുരസ്കാരം ലഭിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *