കൊച്ചി: സംസ്ഥാനത്തെ ഭക്ഷ്യവിഷബാധ സംഭവങ്ങളില്‍ സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടി അറിയിക്കണമെന്ന് ഹൈകോടതി.അടുത്തിടെയുണ്ടായ സംഭവങ്ങളും അതിന്‍റെ കാരണങ്ങളും ഉത്തരവാദികള്‍ക്കെതിരെ സ്വീകരിച്ച നടപടികളും സംബന്ധിച്ച് ആരോഗ്യ കുടുംബക്ഷേമ സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്‍റെ നിര്‍ദേശം.കാസര്‍കോട് ചെറുവത്തൂരില്‍ കഴിഞ്ഞ ഏപ്രിലില്‍ ഷവര്‍മ കഴിച്ച് ദേവനന്ദയെന്ന പെണ്‍കുട്ടി മരിച്ച സംഭവത്തെ തുടര്‍ന്ന് ഹൈകോടതി സ്വമേധയാ എടുത്ത കേസിലാണ് ഉത്തരവ്.
ചെറുവത്തൂര്‍ സംഭവത്തില്‍ ഭക്ഷ്യസുരക്ഷ വകുപ്പ് സ്വീകരിച്ച നടപടി സംബന്ധിച്ച് സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും കോട്ടയത്തും പിന്നീട് പറവൂരിലുമൊക്കെ ഭക്ഷ്യവിഷബാധയുണ്ടായത് കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് തേടിയത്. ഹരജി രണ്ടാഴ്ചക്ക് ശേഷം വീണ്ടും പരിഗണിക്കാന്‍ മാറ്റി.