കോട്ടയം: ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവത്തില്‍ ഹോട്ടലുടമ അറസ്റ്റിലായി. കോളറങ്ങള വീട്ടില്‍ ലത്തീഫ് ആണ് അറസ്റ്റിലായത്.ബംഗളൂരുവിലെ കമ്മനഹള്ളിയില്‍ ഒളിവിലായിരുന്നു ഇയാള്‍. നേരത്തെ ഹോട്ടലിലെ പാചകക്കാരന്‍ മലപ്പുറം സ്വദേശി മുഹമ്മദ് സിറാജുദ്ദീനെ അറസ്റ്റ് ചെയ്തിരുന്നു.തിരുവനന്തപുരം പ്ലാമുട്ടുക്കട തോട്ടത്തുവിളാകത്ത് വിനോദ്കുമാറിന്‍റെ ഭാര്യയും കോട്ടയം മെഡിക്കല്‍ കോളജ് അസ്ഥിരോഗവിഭാഗത്തിലെ തീവ്രപരിചരണ വിഭാഗം നഴ്സിങ് ഓഫിസറുമായ രശ്മിരാജാണ് (32) ലത്തീഫിന്‍റെ പാര്‍ക്ക് ഹോട്ടലില്‍നിന്ന് കഴിച്ച ഭക്ഷണത്തില്‍നിന്ന് വിഷബാധയേറ്റ് മരിച്ചത്.
ഹോട്ടല്‍ പാര്‍ക്കില്‍നിന്ന് ഓര്‍ഡര്‍ ചെയ്ത് വരുത്തിയ അല്‍ഫാം രശ്മി കഴിച്ചിരുന്നതായി സഹപ്രവര്‍ത്തകര്‍ പറയുന്നു. ഭക്ഷണം കഴിച്ച് ഏറെ വൈകാതെ ഛര്‍ദിയും വയറിളക്കവും ഉണ്ടായി. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയ രശ്മിയെ പിന്നീട് ഐ.സി.യുവിലും വെന്‍റിലേറ്ററിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മരണം ഭക്ഷ്യവിഷബാധ മൂലമാണെന്ന് രാസപരിശോധന ഫലത്തിലും വ്യക്തമായിരുന്നു.