ന്യൂഡല്‍ഹി:ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരെ പുതിയ ആരോപണങ്ങളുമായി ഗുസ്തി താരം സാക്ഷി മാലിക്. വീട്ടില്‍ അമ്മയ്ക്കുള്‍പ്പെടെ ഭീഷണി കോളുകള്‍ എത്തുന്നുണ്ട്. എല്ലാം ബ്രിജ് ഭൂഷന്‍റെ ആസൂത്രണമാണെന്നും സാക്ഷി മാലിക് പറഞ്ഞു. ബ്രിജ് ഭൂഷന്‍റെ അടുത്ത അനുയായി സഞ്ജയ് സിംഗ് ഗുസ്തി ഫെഡറേഷന്‍റെ അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് സാക്ഷി മാലിക് ഗുസ്തി കരിയര്‍ ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു.
വലിയ സ്വാധീനമുള്ളയാളാണ് ബ്രിജ് ഭൂഷണ്‍ എന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. തങ്ങളെ സുരക്ഷിതരാക്കേണ്ടത് സര്‍ക്കാരിന്‍റെ ഉത്തരവാദിത്തമാണ്. പക്ഷേ എന്‍റെ അമ്മയ്ക്കടക്കം ഭീഷണി കോളുകള്‍ നിരന്തരം വരുന്നുണ്ട്. കുടുംബത്തിലെ ആര്‍ക്കെങ്കിലുമെതിരെ കേസെടുക്കുമെന്നാണ് ഭീഷണിയെന്നും സാക്ഷി മാലിക് പറഞ്ഞു. ഇപ്പോള്‍ ബ്രിജ് ഭൂഷണ്‍ ഞങ്ങളുടെ കരിയര്‍ തന്നെ നശിപ്പിച്ചു. ഞാന്‍ രാജ്യത്തിന് വേണ്ടി ഗുസ്തിയില്‍ വെങ്കലം നേടി. എനിക്ക് കഴിയാത്തത് മറ്റേതെങ്കിലും പെണ്‍കുട്ടികള്‍ നിറവേറ്റണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. സാക്ഷി മാലിക് പറഞ്ഞു.