ന്യൂഡല്‍ഹി:ലൈംഗികാതിക്രമക്കേസില്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും എം.പിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഡല്‍ഹി പട്യാല കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ബ്രിജ് ഭൂഷണെതിരെ ചുമത്തിയ പോക്സോ കേസ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടും പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പോക്സോ കേസ് ചുമത്തുന്നതിനാവശ്യമായ തെളിവു ലഭിച്ചില്ലെന്നു പോലീസ് അറിയിച്ചു. ജൂലൈ നാലിനു കേസില്‍ വാദം കേള്‍ക്കും.ആറ് ഗുസ്തി താരങ്ങളുടെ പരാതിയില്‍ ആയിരത്തി അഞ്ഞൂറോളം പേജുള്ള കുറ്റപത്രമാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത താരത്തിന്‍റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത താരം ഉന്നയിച്ച പരാതിക്ക് അടിസ്ഥാനമില്ലെന്നാണ് പൊലീസ് വാദം. പെണ്‍കുട്ടി മൊഴി പിന്‍വലിച്ചെന്നും പോലീസ് കോടതിയെ അറിയിച്ചു. ചാമ്പ്യന്‍ ഷിപ്പില്‍ തോറ്റതിലുള്ള പ്രകോപനത്തില്‍ ബ്രിജ് ഭൂഷണോടുള്ള ദേഷ്യം മൂലം പരാതി നല്‍കിയതാണെന്ന പെണ്‍കുട്ടിയുടെ അച്ഛന്‍റെ മൊഴിയും പോലീസ് ചൂണ്ടിക്കാട്ടുന്നു.
