ന്യൂഡല്‍ഹി: പടക്കപ്പലില്‍ നിന്ന് ബ്രഹ്മോസ് സൂപര്‍ സോണിക് ക്രൂയിസ് മിസൈല്‍ തൊടുത്ത് ഇന്ത്യന്‍ നാവികസേന നടത്തിയ പരീക്ഷണം വിജയം.അറബിക്കടലില്‍ വെച്ചുള്ള പരീക്ഷണത്തില്‍ മിസൈല്‍ ലക്ഷ്യസ്ഥാനത്ത് കൃത്യമായി പതിച്ചെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.ഡി.ആര്‍.ഡി.ഒ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ‘സീക്കറും ബൂസ്റ്ററും’ ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയത്. പ്രതിരോധ രംഗത്ത് ആത്മനിര്‍ഭര്‍ ഭാരതിനോടുള്ള പ്രതിബദ്ധത ഉറപ്പിക്കുന്നതാണിത് -മുതിര്‍ന്ന സൈനികോദ്യോഗസ്ഥന്‍ പറഞ്ഞു.ഇന്ത്യയും റഷ്യയും തമ്മിലുള്ള സംയുക്ത സൈനിക സംരംഭമാണ് ബ്രഹ്മോസ്. ഭൂമിയില്‍ നിന്നും വിമാനങ്ങളില്‍ നിന്നും കപ്പലുകളില്‍ നിന്നും തൊടുക്കാവുന്ന ശബ്ദാതിവേഗ മിസൈലുകളാണ് ബ്രഹ്മോസ്. ശബ്ദത്തേക്കാള്‍ 2.8 ഇരട്ടി വേഗതയിലാണ് മിസൈല്‍ സഞ്ചരിക്കുക.
