ബ്രഹ്മപുരത്തെ വിഷപ്പുക; ഗര്‍ഭിണികളും കൊച്ചുകുട്ടികളും പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ്

Top News

കൊച്ചി: ബ്രഹ്മപുരത്തെ തീപിടിത്തത്തെ തുടര്‍ന്ന് അന്തരീക്ഷത്തില്‍ വ്യാപിച്ച വിഷപ്പുക ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമായതോടെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്.ഗര്‍ഭിണികള്‍, കൊച്ചുകുട്ടികള്‍, പ്രായമായവര്‍ തുടങ്ങിയ ഉയര്‍ന്ന അപകടസാധ്യതയുള്ള ആളുകള്‍ കഴിയുന്നത്രയും വെളിയില്‍ ഇറങ്ങുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശത്തില്‍ പറയുന്നു.
പുറത്തിറങ്ങുമ്പോള്‍ എന്‍ 95 മാസ്ക് ധരിക്കണമെന്നും നിര്‍ദേശമുണ്ട്.ആരോഗ്യമുള്ളയാളുകളില്‍ സാധാരണയായി അനുഭവിക്കുന്ന വായു മലിനീകരണത്തിന്‍റെ അളവ് ഗുരുതരമായ ഹ്രസ്വകാല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയില്ല. എന്നാല്‍ വായു മലിനീകരണത്തിന്‍റെ തോത് ഉയര്‍ന്ന അപൂര്‍വ സന്ദര്‍ഭങ്ങളില്‍, ചില ആളുകള്‍ക്ക്, ചുമ, ശ്വാസം എടുക്കുവാന്‍ ബുദ്ധിമുട്ട്, തലവേദന, തലകറക്കം, കണ്ണിന് അസ്വസ്ഥത, ചൊറിച്ചില്‍ തുടങ്ങിയവ അനുഭവപ്പെടാമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
ആരോഗ്യ പ്രശ്നങ്ങള്‍ കാരണം എട്ടാം ദിവസവും ധാരാളം പേരാണ് ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയത്. ഈ സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ശ്വാസം മുട്ടല്‍, ചുമ, ചൊറിച്ചില്‍ എന്നിങ്ങനെയാണ് ജനങ്ങളെ പ്രധാനമായും അലട്ടുന്ന പ്രശ്നങ്ങള്‍. ചികിത്സയ്ക്കായി 17 പേര്‍ ബ്രഹ്മപുരം സബ് സെന്‍ററിലും എട്ട് പേര്‍ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലും എത്തി. ഇതിന് പുറമെ നിരവധി പേര്‍ സ്വകാര്യ ആശുപത്രികളെയും സമീപിച്ചിട്ടുണ്ട്.
അനാവശ്യമായി പുറത്ത് ഇറങ്ങുന്നത് ഒഴിവാക്കുക. കെട്ടിടങ്ങളുടെ വാതിലുകളും ജനലുകളും തുറന്നിടുന്നത് ഒഴിവാക്കുക. ജോഗിംഗ്, നടത്തം, അല്ലെങ്കില്‍ വീടിനു പുറത്തുള്ള മറ്റ് ശാരീരിക പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കുക. അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കുക. പുറത്തിറങ്ങേണ്ടി വന്നാല്‍ എന്‍ 95 മാസ്ക് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. വായു മലിനീകരണത്തിന്‍റെ അളവ് കൂടുതല്‍ മോശമാകാതിരിക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും വീടിനുള്ളില്‍ വിറക് അടുപ്പ് കത്തിക്കുകയോ, പുകവലിക്കുകയോ മറ്റും ചെയ്യാതിരിക്കുക തുടങ്ങിയവയാണ് നിര്‍ദ്ദേശങ്ങള്‍.
അതിനിടെ തീകെടുത്താന്‍ പകല്‍ നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളും രാത്രിയും നടത്തുമെന്ന് മേയര്‍ അനില്‍കുമാര്‍ അറിയിച്ചു ആരോഗ്യ വിഭാഗം കൂടുതല്‍ ശക്തമായി ഇടപെടും .52 ഹിറ്റാച്ചികള്‍ ഒരേ സമയം പ്രവര്‍ത്തിക്കുന്നുണ്ട്.എയര്‍ ക്വാളിറ്റി പഠിക്കാന്‍ ഉത്തരവാദിത്തപ്പെട്ടവരോട് ആവശ്യപ്പെടും.കൊച്ചിയില്‍ മാലിന്യ നീക്കം സുഗമമാക്കും.നടപടികള്‍ നീട്ടിക്കൊണ്ട് പോകില്ലെന്നും അടിയന്തര യോഗത്തിന് ശേഷം അദ്ദേഹം പറഞ്ഞു.കളക്ടര്‍,എം എല്‍ എ, മേയര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു പ്രശ്നത്തിന് ന് സ്ഥിരപരിഹാരം ഉണ്ടാക്കുമെന്ന് ചാര്‍ജ്ജെടുത്ത പുതിയ കളക്ടര്‍ ഉമേഷ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *