തിരുവനന്തപുരം : ബ്രഹ്മപുരം മാലിന്യപ്ലാന്‍റില്‍ തീപിടിത്തമുണ്ടായി 13 ദിവസം കഴിഞ്ഞിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ സംഭവസ്ഥലം സന്ദര്‍ശിക്കാനോ തീപിടിത്തത്തെക്കുറിച്ച് ജനങ്ങളോട് വിശദീകരിക്കാനോ തയ്യാറാവാത്തതില്‍ പ്രതിപക്ഷത്തിന്‍റെ വിമര്‍ശനം.
പ്ലാന്‍റിലെ അഗ്നിബാധ പൂര്‍ണ്ണമായി അണയ്ക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍പ്പോലും നിയമസഭയിലോ പുറത്തോ ഈ വിഷയത്തില്‍ ഒരക്ഷരം ഉരിയാടാന്‍ മുഖ്യമന്ത്രി തയ്യാറാവാത്തതില്‍ സമൂഹത്തിന്‍റെ വിവിധ കോണുകളില്‍ നിന്നും ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞുവെന്നാണ് യു.ഡി.എഫ് നേതാക്കള്‍ വിലയിരുത്തുന്നത്.
മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ പ്രതിപക്ഷം രൂക്ഷവിമര്‍ശനങ്ങളാണ് നിയമസഭയിലും പുറത്തും ഉന്നയിക്കുന്നത്. ബിജെപിയും സര്‍ക്കാറിനെതിരെ ശക്തമായി രംഗത്തുണ്ട്.ബ്രഹ്മപുരം മാലിന്യപ്ലാന്‍റിലെ തീപിടിത്തം കൊച്ചി നഗരത്തിലെ ജനങ്ങളുടെ ജീവന് ഭീഷണിയായിട്ടും അവിടം സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ളവര്‍ പറയുന്നു.സാമാന്യ മര്യാദയുണ്ടെങ്കില്‍ മുഖ്യമന്ത്രി ജനങ്ങളോട് വിശദീകരണം നടത്താനെങ്കിലും തയ്യാറാകേണ്ടിയിരുന്നു. ഈ വിഷയത്തില്‍ മുഖ്യമന്ത്രി കാണിച്ച നിസ്സംഗത ഗുരുതരമായ വീഴ്ചയാണെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിക്ക് ദുരിതനിവാരണ സേനയെ വിളിക്കാമായിരുന്നു. വേണ്ടിവന്നാല്‍ സൈന്യത്തിന്‍റെ സഹായം തേടാമായിരുന്നു. ഇതൊന്നും ചെയ്തില്ല.
മുഖ്യമന്ത്രി ദുരഭിമാനം വെടിഞ്ഞ് കേന്ദ്രത്തോട് സഹായം അഭ്യര്‍ത്ഥിക്കുകയാണ് ചെയ്യേണ്ടിയിരുന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറയുകയുണ്ടായി. സംഭവം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.സംസ്ഥാനം ആവശ്യപ്പെട്ടാല്‍ സകല സന്നാഹങ്ങളും ഉപയോഗിച്ച് വളരെ പെട്ടെന്ന് തീയണക്കാന്‍ സന്നദ്ധമാണെന്ന നിലപാടായിരുന്നു കേന്ദ്രത്തിന്. ദിവസങ്ങള്‍ എടുത്ത് തീയണച്ചാല്‍ എന്തോ വലിയ കാര്യം ചെയ്തുവെന്നാണ് സംസ്ഥാന സര്‍ക്കാറിന്‍റെ വിചാരം. ഇത് കൊച്ചിയിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നും സുരേന്ദ്രന്‍ പറയുന്നു.
ബ്രഹ്മപുരം മാലിന്യപ്ലാന്‍റിലെ തീപിടിത്തം കേരളം കണ്ട ഏറ്റവും വലിയ മനുഷ്യനിര്‍മിതദുരന്തമാണെന്നാണ് പ്രതിപക്ഷത്തിന്‍റെ നിലപാട്.തീപിടിത്തത്തിന് പിന്നില്‍ ഗൂഢഉദ്ദേശ്യവും രാഷ്ട്രീയലക്ഷ്യവും ഉണ്ടോയെന്നു സംശയമുള്ളതിനാല്‍ സി.ബി.ഐ അന്വേഷണം പ്രതിപക്ഷം ആവശ്യപ്പെടുന്നു..
കരാര്‍ ഏറ്റെടുത്ത കമ്പനിയെ ന്യായീകരിക്കുന്ന നിലപാടാണ് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. ബി രാജേഷ് സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആരോപിക്കുന്നു. കൊച്ചിയിലെ ജനങ്ങളെയല്ല, കരാറുകാരനെ രക്ഷിക്കാനാണ് മന്ത്രിക്ക് വ്യഗ്രതയെന്നും സതീശന്‍ നിയമസഭയില്‍ തുറന്നടിക്കുകയുണ്ടായി.
തീപിടിത്തമുണ്ടായി രണ്ടുദിവസം കഴിഞ്ഞ് തദ്ദേശ മന്ത്രി നിയമസഭയില്‍ വളരെ ലാഘവത്തോടെയാണ് മറുപടി പറഞ്ഞത്. ഹൈക്കോടതി ഇടപെട്ടതിനു ശേഷം മാത്രമാണ് മുഖ്യമന്ത്രി അടിയന്തരയോഗം വിളിച്ചത്. ആദ്യ രണ്ടു ദിവസം തീയണയ്ക്കല്‍ പ്രവര്‍ത്തനത്തില്‍ ഏകോപനമുണ്ടായില്ല. തുടക്കത്തിലെ അനാസ്ഥയാണ് അഗ്നിബാധ രണ്ടാഴ്ചയോളം നീളുന്നതിലേക്ക് ഇടയാക്കിയത്.
ബ്രഹ്മപുരം വിഷയത്തില്‍ ആരോഗ്യ വകുപ്പിനും മന്ത്രി വീണാ ജോര്‍ജിനും വീഴ്ച പറ്റി.വിഷപ്പുക നിറഞ്ഞപ്പോള്‍ പത്താംദിവസം കൊച്ചിയിലെ ജനങ്ങളോട് മാസ്ക് ധരിക്കണമെന്ന് നിര്‍ദ്ദേശിച്ച ആരോഗ്യമന്ത്രി, പ്ലാന്‍റ് കത്തി മൂന്നാം ദിവസം തന്നെ കൊച്ചിയില്‍ ഒരു ആരോഗ്യ പ്രശ്നവുമില്ല എന്നാണ് പറഞ്ഞത്. ഇത് എന്തിന്‍റെ അടിസ്ഥാനത്തിലാണെന്ന് വി. ഡി.സതീശന്‍ നിയമസഭയില്‍ ചോദിക്കുകയുണ്ടായി. ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സ്ഥല മായിരുന്നു കൊച്ചി. വിഷപ്പുക മനുഷ്യരുടെ ശരീരത്തിലേക്ക് കടന്നുകയറുകയാണെന്ന് അദ്ദേഹം ചൂടിക്കാട്ടി.