ബോറിസ് ജോണ്‍സണ്‍ നരേന്ദ്ര മോദി കൂടിക്കാഴ്ച ഇന്ന്

Kerala

ന്യൂഡല്‍ഹി : ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും.ഡല്‍ഹിയിലെത്തിയാകും കൂടിക്കാഴ്ച നടത്തുക. റഷ്യയുക്രൈന്‍ യുദ്ധം, റഷ്യയില്‍നിന്നുള്ള എണ്ണവാങ്ങല്‍, ഇന്ത്യയു.കെ. സ്വതന്ത്ര വ്യാപാരക്കരാര്‍, പ്രതിരോധം ഉള്‍പ്പെടെയുള്ള മേഖലകളിലെ ഉഭയകക്ഷി സഹകരണത്തിനായുള്ള രൂപരേഖ തുടങ്ങിയ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ഇരുവരും ചര്‍ച്ചചെയ്യും ഇന്ത്യാ സന്ദര്‍ശനത്തിനായി വ്യാഴാഴ്ച രാവിലെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി അഹമ്മദാബാദിലെത്തിയത്. വിമാനത്താവളത്തില്‍ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ഗവര്‍ണര്‍ ആചാര്യ ദേവവ്രതും ചേര്‍ന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്.
വിമാനത്താവളത്തില്‍ നിന്ന് നഗരത്തിലെ ഒരു ഹോട്ടല്‍ വരെയുള്ള നാല് കിലോമീറ്റര്‍ യാത്രയില്‍ അദ്ദേഹത്തിന് ഗംഭീര സ്വീകരണവും ഒരുക്കിയിരുന്നു. ഗുജറാത്തിലെത്തുന്ന ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രിയാണ് ബോറിസ് ജോണ്‍സണ്‍.വ്യാഴാഴ്ച രാവിലെ അഹമ്മദാബാദിലെ സബര്‍മതി ആശ്രമത്തിലും ബോറിസ് ജോണ്‍സണ്‍ സന്ദര്‍ശനം നടത്തിയിരുന്നു. അവിടെ ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കാന്‍ ശ്രമിച്ച അദ്ദേഹം ആശ്രമത്തില്‍ വരാന്‍ സാധിച്ചത് മഹത്തായ ഭാഗ്യമാണെന്ന് സന്ദര്‍ശക പുസ്തകത്തില്‍ കുറിക്കുകയും ചെയ്തു. ഇതിനുപിന്നാലെ ആദാനി ഗ്രൂപ്പ് ആസ്ഥാനത്തെത്തിയ അദ്ദേഹം ആദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയുമായും കൂടിക്കാഴ്ച നടത്തി. ഇന്നലെ ഗുജറാത്തില്‍ തന്നെ തങ്ങിയ ബോറിസ് ജോണ്‍സണ്‍ സംസ്ഥാനത്തെ നിരവധി ബിസിനസ് തലവന്‍മാരുമായി ചര്‍ച്ച നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *