ബോധപൂര്‍ണ്ണിമ: ആദ്യഘട്ടത്തിന് സമാപനമായി:

Top News

തിരുവനന്തപുരം : വൈജ്ഞാനിക മുന്നേറ്റത്തെ പിറകോട്ടടിപ്പിക്കുന്ന ലഹരി ഉപയോഗത്തിനെതിരെ കലാലയങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. ഉന്നതവിദ്യാഭ്യാസ വകുപ്പിന്‍റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ കലാലയങ്ങളില്‍ തുടരുന്ന ‘ബോധപൂര്‍ണ്ണിമ’ ലഹരിവിരുദ്ധ പ്രചാരണത്തിന്‍റെ ഒന്നാംഘട്ടത്തിന്‍റെ സമാപനം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഹപാഠികളെ നേര്‍വഴിയിലേക്ക് നയിക്കുന്ന, തെറ്റുകള്‍ തിരുത്തുന്ന സൗഹൃദങ്ങളാണ് ക്യാമ്പസുകളില്‍ ഉണ്ടാകേണ്ടതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനതല പുരസ്കാരത്തിന് അര്‍ഹമായ സൃഷ്ടികള്‍ക്ക് ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ പുരസ്കാരവും മന്ത്രി സമ്മാനിച്ചു. ഹ്രസ്വചിത്ര വിഭാഗത്തില്‍ തൃശൂര്‍ ശ്രീ സി അച്യുതമേനോന്‍ ഗവ. കോളേജിലെ ആന്‍റി-നാര്‍ക്കോട്ടിക് സെല്‍ തയ്യാറാക്കിയ ‘ബോധ്യം’ ഒന്നാം സമ്മാനം നേടി. ഇ-പോസ്റ്റര്‍ വിഭാഗത്തില്‍ തൃശൂര്‍ അളഗപ്പ നഗര്‍ ത്യാഗരാജ പോളിടെക്നിക്ക് കോളേജിലെ ആകാശ് ടി. ബി.യും കഥയില്‍ ഒറ്റപ്പാലം എന്‍എസ്എസ് ട്രെയിനിങ് കോളേജിലെ എം വി ആതിരയും കവിതയില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി എം എ ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷനിലെ തപസ്യ അശോകും ലേഖനത്തില്‍ നാട്ടിക എസ് എന്‍ കോളേജ് എം എ മലയാളത്തിലെ കെ എച്ച് നിധിന്‍ദാസും ഒന്നാം സമ്മാനം സ്വന്തമാക്കി. തുടര്‍ന്ന് നാഷണല്‍ സര്‍വീസ് സ്കീം വിദ്യാര്‍ഥികളുടെ ‘സര്‍ഗ്ഗപൂര്‍ണിമ’ അവതരണവും നടന്നു.
പരിപാടിയില്‍ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ വി.വിഘ്നേശ്വരി, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് പ്രിന്‍സിപ്പാള്‍ സജി സ്റ്റീഫന്‍ ഡി, വൈസ് പ്രിന്‍സിപ്പല്‍ ഡോ. സുബ്രഹ്മണ്യം, എന്‍.എസ്.എസ് സ്റ്റേറ്റ് പ്രോഗ്രാം ഓഫിസര്‍ അന്‍സാര്‍ ആര്‍ എന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *