ന്യൂഡല്‍ഹി: ഒളിമ്പിക്സ് താരം ബോക്സര്‍ വിജേന്ദര്‍ സിംഗ് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ജനറല്‍ സെക്രട്ടറി വിനോദ് താവ്ഡെ വിജേന്ദറിന് അംഗത്വം നല്‍കി സ്വീകരിച്ചു.വീട്ടിലേക്ക് തിരികെ വന്ന അനുഭവമാണ് തനിക്ക് തോന്നുന്നതെന്ന് വിജേന്ദര്‍ പ്രതികരിച്ചു. കായികതാരങ്ങള്‍ക്ക് രാജ്യത്തിന് അകത്തും പുറത്തും ലഭിക്കുന്ന ആദരവ് അഭിനന്ദനാര്‍ഹമാണ്. നരേന്ദ്ര മോദി അധികാരത്തില്‍ വന്ന ശേഷം കായികതാരങ്ങള്‍ക്ക് ലോകത്ത് എവിടെ ചെന്നാലും വലിയ ബഹുമാനമാണ് ലഭിക്കുന്നതെന്നും വിജേന്ദര്‍ സിംഗ് പ്രതികരിച്ചു.
2019ല്‍ ആണ് വിജേന്ദര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തുടര്‍ന്ന് ബിജെപിയുടെ രമേശ് ബിദൂരിയോട് പരാജയപ്പെടുകയും ചെയ്തു. ബിജെപി എം.പി ഹേമമാലിനിക്കെതിരെ മഥുരയില്‍ വിജേന്ദറിനെ മത്സരിപ്പിക്കാനായിരുന്നു കോണ്‍ഗ്രസിന്‍റെ നീക്കം. ജാട്ട് ജാതിക്കാരനായ വിജേന്ദറിന്‍റെ കൂടുമാറ്റം അവര്‍ക്ക് കനത്ത തിരിച്ചടിയുമാണ്.
ഒളിമ്പിക്സില്‍ ബോക്സിംഗില്‍ ഇന്ത്യയ്ക്കായി ആദ്യമായി മെഡല്‍ നേടിയത് വിജേന്ദറാണ്. 2008ല്‍ ആയിരുന്നു താരത്തിന്‍റെ വെങ്കലനേട്ടം. 2006, 2014 കാലഘട്ടങ്ങളില്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളിയും നേടിയിരുന്നു.
കഴിഞ്ഞവര്‍ഷം ഗുസ്തിഫെഡറേഷന്‍ ചെയര്‍മാന്‍ ബ്രിജ് ഭൂഷണെതിരെ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക് തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടത്തിയ സമരത്തില്‍ വിജേന്ദര്‍ സിംഗ് പിന്തുണ അറിയിച്ചിരുന്നു.