തിരുവനന്തപുരം: കോവളത്ത് ബൈക്ക് റേസിംഗിനിടെയുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനും വീട്ടമ്മയും മരിച്ചു. വഴിയാത്രക്കാരിയായ വാഴമുട്ടം പനന്തുറ തിരുത്തിയില്‍ സന്ധ്യ( 54 )ബൈക്കോടിച്ച പൊട്ടക്കുഴി സ്വദേശി അരവിന്ദ് (25) ആണ് മരിച്ചത്.തിരുവല്ലം -കോവളം ബൈപ്പാസില്‍ ഇന്നലെ രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം.റോഡ് മുറിച്ചു കടക്കാന്‍ ശ്രമിച്ച സന്ധ്യയെ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അരവിന്ദിന്‍റെ ജീവനും രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇന്‍സ്റ്റാഗ്രാം റീല്‍സില്‍ വീഡിയോ ഇടാനായി റേസിംഗ് ഷൂട്ട് ചെയ്യുകയായിരുന്നു അരവിന്ദ് എന്നാണ് പൊലീസ് നല്‍കുന്ന വിവരം.വീട്ടുജോലി ചെയ്തു ജീവിക്കുന്ന സന്ധ്യ ബൈപ്പാസ് റോഡ് മുറിച്ചു കടക്കുമ്പോഴാണ് അമിതവേഗതയില്‍ ബൈക്കിലെത്തിയ അരവിന്ദ് ഇടിച്ചു തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ സന്ധ്യ തെറിച്ചു പോയി അടുത്തുള്ള മരത്തില്‍ കുടുങ്ങിക്കിടന്നു. ഇവരുടെ കാല്‍ അറ്റുപോയ നിലയിലായിരുന്നു. സംഭവസ്ഥലത്ത് വച്ചു തന്നെ സന്ധ്യ മരിച്ചു. ഇടിച്ച ശേഷം ബൈക്കില്‍ നിന്നും തെറിച്ചു പോയ അരവിന്ദിനെ റോഡരികിലെ ഓടയില്‍ നിന്നാണ് നാട്ടുകാര്‍ കണ്ടെത്തിയത്. ബൈക്ക് ഏതാണ്ട് ഇരുന്നൂറോളം മീറ്ററോളം തെറിച്ചു പോയി.
നേരത്തെ കവടിയാര്‍ മേഖലയിലായിരുന്നു ചെറുപ്പക്കാരുടെ ബൈക്ക് റേസിംഗ് അഭ്യാസം.ഇവിടെ വച്ച് നിരവധി അപകടങ്ങളുണ്ടാക്കുകയും മരണങ്ങള്‍ സംഭവിക്കുകയും ചെയ്തോടെ പൊലീസ് നിരീക്ഷണം ശക്തമാക്കി. ഇതോടെയാണ് തിരുവല്ല, കോവളം ഭാഗത്തേക്ക് റേസിംഗ് സംഘങ്ങള്‍ കളംമാറ്റിയത്. അവധി ദിനങ്ങളിലും അതിരാവിലെ സമയത്തും ഇവിടെ പലയിടങ്ങളില്‍ നിന്നുള്ള ചെറുപ്പക്കാര്‍ റേസിംഗ് നടത്താന്‍ വരാറുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.