കുഴല്‍മന്ദം: ലോറിക്കും ബസിനുമിടയില്‍ കുടുങ്ങി ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
ദേശീയപാത ചിതലി വെള്ളപ്പാറയില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം. കാവശ്ശേരി ഈടുവെടിയാല്‍ ഷീജാ നിവാസില്‍ മോഹനന്‍റെ മകന്‍ ആദര്‍ശ് മോഹന്‍ (23), സുഹൃത്ത് കാഞ്ഞങ്ങാട് മാവുങ്കാല്‍ ഉദയംകുന്നിലെ കെ. തമ്പാന്‍റെ മകന്‍ കെ. സബിത്ത് (26) എന്നിവരാണ് മരിച്ചത്.യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് ലോറിയെ മറികടക്കുന്നതിനിടെ, പിന്നാലെയെത്തിയ കെ.എസ്.ആര്‍.ടി.സി ബസിന്‍റെ പിറകുവശം ബൈക്കില്‍ തട്ടിയാണ് അപകടം. നിയന്ത്രണം തെറ്റിയ ബൈക്ക് ലോറിക്കിടയിലും ബസിനട!ിയിലും കുടുങ്ങി ഇരുവരും മരിച്ചു.
അമിതവേഗതയില്‍ സഞ്ചരിച്ച ബൈക്ക് ലോറിയെ മറികടക്കുന്നതിനിടയിലാണ് അപകടമെന്നായിരുന്നു പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍, ഒരു സ്വകാര്യ ചാനലിന് ലഭിച്ച വിഡിയോ ക്ലിപ്പില്‍ ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് മരണകാരണമെന്ന തെളിവുകള്‍ പുറത്ത് വന്നു. കൂടുതല്‍ അന്വേഷണം നടത്തുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കുഴല്‍മന്ദം ഇന്‍സ്പെക്ടര്‍ ആര്‍. രജീഷ് അറിയിച്ചു. പോസ്റ്റ്മോര്‍ട്ടശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
സബിത്തിന്‍റെ മൃതദേഹം കാസര്‍കോട്ടേക്ക് കൊണ്ടുപോയി. ആദര്‍ശ് മോഹന്‍ ബംഗളൂരു ഐ.ടി. കമ്പനിയില്‍ ജോലി ചെയ്യുകയാണ്. സബിത്ത് ആലത്തൂരില്‍ എയര്‍ടെല്‍ കമ്ബനി സെയില്‍സ് എക്സിക്യൂട്ടിവാണ്. ആദര്‍ശിന്‍റെ വീടിന്‍റെ മുകള്‍ നിലയില്‍ വാടകക്ക് താമസിക്കുകയായിരുന്നു. ശാന്തയാണ് സബിത്തിന്‍റെ മാതാവ്. സഹോദരന്‍: ശരത്.
.