കോഴിക്കോട്:ദിനംപ്രതി പതിനായിര കണക്കിന് രോഗികള്‍ വന്നുപോകുന്ന ഗവണ്‍മെന്‍റ് ബീച്ച് ആശുപത്രിയില്‍ രോഗികള്‍ അനുഭവിക്കുന്ന ദുരിതത്തിന് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക് കോഴിക്കോട് ജില്ലാ കമ്മിറ്റി ആരോഗ്യവകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി.
ഒ.പി ടിക്കറ്റിനായി മണിക്കൂറുകള്‍ ക്യൂ നിന്ന് കിട്ടിയാല്‍ ഡോക്ടറെ കാണണമെങ്കില്‍ വീണ്ടും മൂന്ന് മണിക്കൂര്‍ ക്യൂ നില്‍ക്കേണ്ട ഗതികേടാണ് രോഗികള്‍ അനുഭവിക്കുന്നത്.ഇത് പലവട്ടം ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടും അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്. ഇതിനുപുറമേ മുന്‍പ് ഒട്ടുമിക്ക മരുന്നുകളും ആശുപത്രി കൗണ്ടറില്‍ നിന്നും സൗജന്യമായി കിട്ടിയിരുന്നെങ്കിലും ഇപ്പോള്‍ മരുന്നുകളും ഇവിടെ ഇല്ലാത്ത സ്ഥിതിയാണ്.
ആശുപത്രിയില്‍ വികസന പദ്ധതികള്‍ മാസംതോറും ഉദ്ഘാടനം ചെയ്യുമ്പോഴും രോഗികളുടെ പ്രശ്നങ്ങള്‍ക്ക് അധികാരികള്‍ പരിഹാരം കാണാത്തതില്‍ ഫോര്‍വേഡ് ബ്ലോക്ക് പാര്‍ട്ടി യോഗം ശക്തമായി പ്രതിഷേധിച്ചു. ഈ മാസം 13ന് ചേരുന്ന എച്ച്.എം.സി യോഗത്തില്‍ പരിഹാരം കണ്ടില്ലെങ്കില്‍ ആശുപത്രിക്ക് മുന്നില്‍ അനിശ്ചിതകാല നിരാഹാരസമരം അനുഷ്ഠിക്കുമെന്ന് യോഗം തീരുമാനിച്ചു.
ജില്ലാസെക്രട്ടറി രാമദാസ് വേങ്ങേരി അധ്യക്ഷത വഹിച്ചു.മനോജ് കാരന്തൂര്‍,ശക്തിധര്‍ പനോളി,റഫീഖ് പൂക്കാട്,ഗണേഷ് കുമാര്‍ കാക്കൂര്‍,സ്മിതവെള്ളയില്‍,ശ്രീകല വിജയന്‍ എന്നിവര്‍ സംസാരിച്ചു.