ഭുവനേശ്വര്‍ : ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കാനിരിക്കെ ബി.ജെ.പി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.തിരഞ്ഞെടുപ്പിന്‍റ ആദ്യ നാലുഘട്ടങ്ങളില്‍ തന്നെ നരേന്ദ്രമോദി 270 സീറ്റ് നേടിക്കഴിഞ്ഞെന്നും ബി.ജെ.പി 400ലേക്കുള്ള കുതിപ്പിലാണെന്നും അമിത് ഷാ പറഞ്ഞു. രാഹുല്‍ ഗാന്ധിക്ക് 40 സീറ്റുപോലും കിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒഡിഷയിലെ റൂര്‍ക്കേലയില്‍ നടന്ന ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ലാലുപ്രസാദ് യാദവിന് നാല് സീറ്റ് പോലും കിട്ടില്ലെന്നും അമിത് ഷാ പരിഹസിച്ചു. വോട്ടെടുപ്പ് കഴിഞ്ഞ 380ല്‍ 270 സീറ്റുകള്‍ നേടി പ്രധാനമന്ത്രി മോദി കേവല ഭൂരിപക്ഷം നേടിയെന്ന് എനിക്ക് ആത്മവിശ്വാസത്തോടെ പറയാന്‍ കഴിയും.400 എന്ന ലക്ഷ്യം കൈവരിക്കാന്‍ ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്. ഒഡിഷയും ഇക്കുറി ബി.ജെ.പി നേടും. ഇരട്ടമാറ്റത്തിന് തയ്യാറെടുത്തു കഴിഞ്ഞ ഒഡിഷ ഇത്തവണ കാവിക്കൊടിയേന്തും. അങ്ങനെ ഒഡിഷയില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ആദ്യ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അമിത് ഷാ പറഞ്ഞു.
അതേസമയം പാകിസ്താന്‍ ഇന്ത്യക്കെതിരെ അണുബോംബ് പ്രയോഗിക്കുമെന്നുള്ള കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യറിന്‍റെ പ്രസ്താവനയ്ക്കും അമിത് ഷാ മറുപടി നല്‍കി. ഇത് മോദി സര്‍ക്കാരാണെന്നും അണുബോംബിനെ പേടിക്കുന്നവരല്ലെന്നും ഷാ പറഞ്ഞു. പാക് അധീന കാശ്മീര്‍ (പി.ഒ.കെ) ഇന്ത്യയുടെ ഭാഗമാണ്. പി.ഒ.കെയെ തിരിച്ചെടുക്കുമെന്നും അമിത് ഷാ പറഞ്ഞു. ശനിയാഴ്ച ഝാന്‍സിയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു ഷാ.
നരേന്ദ്രമോദി മൂന്നാമതും പ്രധാനമന്ത്രിയായി സ്ഥാനമേറ്റ് ആറ് മാസത്തിനുള്ളില്‍ പാക് അധീന കശ്മീര്‍ തിരിച്ചുകൊണ്ടുവരുമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പറഞ്ഞിരുന്നു. പാകിസ്താന്‍ പി.ഒ.കെയെ സംരക്ഷിക്കാന്‍ ബുദ്ധിമുട്ടാണെന്നും ആദിത്യനാഥ് വ്യക്തമാക്കി.