ബി.ജെ.ഡി നേതാവ് വി.കെ.പാണ്ഡ്യന്‍ സജീവരാഷ്ട്രീയം ഉപേക്ഷിച്ചു

Top News

ഭുവനേശ്വര്‍: ബിജു ജനതാദള്‍(ബി.ജെ.ഡി) നേതാവും മുന്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനുമായ വി.കെ. പാണ്ഡ്യന്‍ സജീവ രാഷ്ട്രീയം ഉപേക്ഷിച്ചു. ഒഡിഷയിലെ നിയമസഭ, ലോക്സഭ തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.ഡി.ക്ക് കനത്ത തോല്‍വി ഏറ്റുവാങ്ങേണ്ടിവന്ന സാഹചര്യത്തിലാണ് സജീവ രാഷ്ട്രീയത്തില്‍നിന്ന് പിന്മാറുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്. ബിജു ജനതാദള്‍ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ നവീന്‍ പട്നായിക്കിന്‍റെ അടുത്ത അനുയായിയാണ് പാണ്ഡ്യന്‍.
നവീന്‍ ബാബുവിനെ സഹായിക്കുകയെന്നത് മാത്രം ഉദ്ദേശിച്ചാണ് താന്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചതെന്നായിരുന്നു ഞായറാഴ്ച പുറത്തിറക്കിയ വീഡിയോസന്ദേശത്തില്‍ പാണ്ഡ്യന്‍റെ വിശദീകരണം. ഇപ്പോള്‍ സജീവരാഷ്ട്രീയത്തില്‍നിന്ന് പിന്മാറാന്‍ താന്‍ തീരുമാനിച്ചിരിക്കുന്നു. ഈ യാത്രയ്ക്കിടെ ആരെയെങ്കിലും വേദനപ്പിച്ചെങ്കില്‍ ക്ഷമിക്കണം. തനിക്കെതിരേയുള്ള പ്രചരണത്തില്‍ പാര്‍ട്ടിക്ക് നഷ്ടമുണ്ടായെങ്കില്‍ അതിനും ക്ഷമചോദിക്കുന്നു. തന്നോടൊപ്പം സഹകരിച്ച ലക്ഷക്കണക്കിന് വരുന്ന ബിജു പരിവാര്‍ അംഗങ്ങള്‍ക്ക് നന്ദി. എല്ലായ്പ്പോഴും ഹൃദയത്തിനുള്ളില്‍ ഒഡിഷയും ശ്വാസമായി ഗുരു നവീന്‍ ബാബുവും ഉണ്ടായിരിക്കും. അവരുടെ ക്ഷേമത്തിനായി ജഗദീശ്വരനോട് പ്രാര്‍ഥിക്കുമെന്നും പാണ്ഡ്യന്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
കഴിഞ്ഞവര്‍ഷമാണ് സിവില്‍ സര്‍വീസില്‍നിന്ന് രാജിവെച്ച് അദ്ദേഹം ബി.ജെ.ഡി.യില്‍ ചേര്‍ന്നത്. ഒഡിഷയിലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.ഡി.യുടെ പ്രചരണത്തിന് ചുക്കാന്‍ പിടിച്ചതും പാണ്ഡ്യനായിരുന്നു. 12 വര്‍ഷത്തോളം നവീന്‍ പട്നായിക്കിനൊപ്പം സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായി പ്രവര്‍ത്തിച്ചിരുന്ന പാണ്ഡ്യനെ പട്നായിക്കിന്‍റെ പിന്‍ഗാമിയെന്നാണ് വിശേഷിപ്പിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *