ബിഹാറില്‍ രാഷ്ട്രീയ മാറ്റങ്ങള്‍; പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കും

Kerala

പാറ്റ്ന: ബിഹാറില്‍ നാടകീയ സംഭവ വികാസങ്ങള്‍ക്കൊടുവില്‍ പുതിയ സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സത്യപ്രതിജ്ഞ. ജനതാദള്‍ യുനൈറ്റഡ് (ജെഡിയു) നേതാവ് നിതീഷ് കുമാര്‍ ഇത് എട്ടാം തവണയാണ് ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും.
ബിജെപിയുമായുള്ള കടുത്ത ഭിന്നതയെ തുടര്‍ന്നാണ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇന്നലെ രാജിവച്ചത്. ബിജെപിയുമായുള്ള സഖ്യം പാര്‍ട്ടിയെ ദുര്‍ബലമാക്കിയെന്ന ഭൂരിപക്ഷ അഭിപ്രായം കണക്കിലെടുത്താണ് എന്‍ഡിഎ വിട്ടതെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. ഗവര്‍ണറെ കണ്ടു രാജിക്കത്ത് നല്‍കിയ നിതീഷ് കുമാറിന് ആര്‍ ജെ ഡി യും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും പിന്തുണ പ്രഖ്യാപിച്ചു. ഇവരുള്‍പ്പെടെ ഏഴ് പാര്‍ട്ടികളുടെ പിന്തുണയോടെ നിതീഷിന്‍റെ നേതൃത്വത്തില്‍ വിശാലസഖ്യ സര്‍ക്കാര്‍ ഇന്ന് അധികാരത്തിലേറും.
അധികാരമേറ്റത് മുതല്‍ ബിജെപിയുമായുള്ള കലഹം നിതീഷ് കുമാര്‍ ഒരു വര്‍ഷവും 9 മാസവും പൂര്‍ത്തിയാക്കിയാണ് കടുത്ത തീരുമാനത്തിലേക്ക് എത്തുന്നത്. ഇന്നലെ രാവിലെ ചേര്‍ന്ന ജനപ്രതിനിധികളുടെ യോഗത്തില്‍ ഇനി ബിജെപിയുമായി ഒത്തുപോകാനാകില്ലെന്ന് നിതീഷ് കുമാര്‍ അറിയിച്ചു. ഏത് നിമിഷവും പാര്‍ട്ടി ശിഥിലമാകാമെന്ന് എംഎല്‍എമാരും മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. പിന്നാലെ ആര്‍ജെഡിയും കോണ്‍ഗ്രസും സംയുക്ത യോഗം ചേര്‍ന്ന് നിതീഷ് കുമാറിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചു. ബിജെപി ഒഴികെ എല്ലാ കക്ഷികളും കൂടെ നില്‍ക്കാന്‍ തീരുമാനിച്ചു. അങ്ങനെ 164 എംഎല്‍എമാര്‍ പിന്തുണച്ച കത്തുമായി ഗവര്‍ണ്ണര്‍ ഫാഗു ചൗഹാനെ കണ്ട് രാജി വച്ച വിവരം അറിയിച്ചു. സപ്ത കക്ഷി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് തേജസ്വി യാദവിനൊപ്പം പിന്നീട് മാധ്യമങ്ങളെ കണ്ട നിതീഷ് കുമാര്‍ വ്യക്തമാക്കി.
കേവല ഭൂരിപക്ഷമായ 122 എന്ന സംഖ്യയെ നിഷ്പ്രയാസം മറിടകന്ന നിതീഷ് കുമാര്‍ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് സത്യപ്രതിജ്ഞ ചെയ്യും. തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും. കോണ്‍ഗ്രസും മന്ത്രിസഭയുടെ ഭാഗമാകും. ഇടത് പാര്‍ട്ടികളേയും ചെറുകക്ഷികളേയും പരിഗണിക്കുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *