തിരുവനന്തപുരം: കൂടുതല്‍ ലാഭവിഹിതം കിട്ടുന്ന ബ്രാന്‍ഡുകള്‍ക്ക് മാത്രം മുന്‍ഗണന നല്‍കിയാല്‍ മതിയെന്ന തീരുമാനവുമായി ബിവറേജ് കോര്‍പ്പറേഷന്‍.
ആവശ്യക്കാരുണ്ടെങ്കിലും കോര്‍പ്പറേഷന് അധികവിഹിതം നല്‍കാത്ത ബ്രാന്‍ഡുകള്‍ പരിഗണിക്കില്ല. ഷോപ്പുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ പോലും ഇത്തരം ബ്രാന്‍ഡുകള്‍ എടുക്കേണ്ടതില്ലെന്നാണ് ജീവനക്കാര്‍ക്ക് മാനേജ്മെന്‍റ് നല്‍കിയിരിക്കുന്ന നിര്‍ദേശം.
കോര്‍പ്പറേഷന് കൂടുതല്‍ കമ്മിഷന്‍ നല്‍കി വില്‍പ്പനയ്ക്കെത്തിച്ചവ പെട്ടെന്ന് വിറ്റുതീര്‍ക്കാനാണ് തീരുമാനം. ഒരു ബ്രാന്‍ഡിന് മാത്രമാണ് ഇളവ് നല്‍കിയിരിക്കുന്നത്; സാക്ഷാല്‍ ജവാന്. ആദ്യമായാണ് ഒരു പ്രത്യേക ബ്രാന്‍ഡിന്‍റെ മദ്യവില്‍പ്പന പ്രോത്സാഹിപ്പിക്കുന്ന രീതി ബെവ്കോ സ്വീകരിക്കുന്നത്.
കൂടുതല്‍ വില്‍പ്പന നേടുമ്ബോഴും തുച്ഛമായ ലാഭവിഹിതമാണ് പ്രാധാന ബ്രാന്‍ഡുകളുടെ കമ്ബനികള്‍ ബിവറേജസ് കോര്‍പ്പറേഷന് നല്‍കിയിരുന്നത്. ഇത്തരത്തില്‍ 14 കമ്ബനികളാണ് സംസ്ഥാനത്തെ മദ്യക്കച്ചവടത്തിന്‍റെ ഭൂരിഭാഗവും നിയന്ത്രിച്ചത്. പുതിയ ബ്രാന്‍ഡുകള്‍ വില്‍പ്പനയ്ക്ക് എത്തിക്കണമെങ്കില്‍ 21 ശതമാനം ഇടനില വിഹിതം കോര്‍പ്പറേഷന് നല്‍കേണ്ടിയിരുന്നു. വില്‍പ്പന നേടിക്കഴിഞ്ഞാല്‍ ഏഴുശതമാനം നല്‍കിയാല്‍മതി. ഇങ്ങനെ വില്‍പ്പനനേടിയ പുതിയ കമ്ബനികള്‍ കോര്‍പ്പറേഷന് കൂടുതല്‍ ലാഭംനല്‍കാന്‍ സന്നദ്ധരാണെങ്കിലും അവരുടെ ഉത്പന്നങ്ങള്‍ക്ക് വിപണി കിട്ടാത്ത അവസ്ഥയായിരുന്നു. ജീവനക്കാരും ഇതില്‍ ഒത്തുകളിച്ചുവെന്നാണ് ആക്ഷേപം.
ഇത് നിറുത്തലാക്കുകയാണ് പുതിയ തീരുമാനത്തിലൂടെ ബെവ്കോ ലക്ഷ്യമിടുന്നത്. 10,000 കെയ്സ് മദ്യം വില്‍ക്കുന്ന കമ്ബനികള്‍ 10 ശതമാനവും അതില്‍ കൂടുതല്‍ വില്‍ക്കുന്നവര്‍ 20 ശതമാനവും കമ്മിഷന്‍ നല്‍കണമെന്ന വ്യവസ്ഥ പുതിയ ടെന്‍ഡറില്‍ ചേര്‍ത്തിട്ടുണ്ട്. ബിയറിന് വില്‍പ്പനയ്ക്കനുസരിച്ച് 30 ശതമാനംവരെയാണ് കമ്മിഷന്‍ ഈടാക്കുക.