ന്യൂഡല്‍ഹി: ബില്ലുകള്‍ സംബന്ധിച്ച് വിശദീകരണം നല്‍കാത്ത മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.ബില്ലുകളില്‍ വിശദീകരണം തേടിയിട്ടും മുഖ്യമന്ത്രി ഇതുവരെ മറുപടി നല്‍കിയില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു.
അഞ്ച് മാസം മുമ്പാണ് വിശദീകരണം ആവശ്യപ്പെട്ടത്. വിശദീകരണം നല്‍കേണ്ടത് മുഖ്യമന്ത്രിയുടെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്. മുഖ്യമന്ത്രി നേരിട്ട് വിശദീകരണം നല്‍കേണ്ടതില്ല. ഇക്കാര്യത്തിന് മറ്റൊരാളെ ചുമതലപ്പെടുത്താന്‍ സാധിക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
കെ.ടി.യു വിസി നിയമനത്തില്‍ താന്‍ നിയമോപദേശം തേടിയിട്ടില്ല. ഡോ. സിസ തോമസിന്റെ നിയമനം സംബന്ധിച്ച് കോടതിയില്‍ നിന്ന് ഒരു നിര്‍ദേശവും ലഭിച്ചിട്ടില്ല. ഈ വിഷയത്തില്‍ ആവശ്യമുള്ളവര്‍ക്ക് കോടതിയെ സമീപിക്കാം. അതേസമയം, ഇക്കാര്യത്തില്‍ താന്‍ കോടതിയെ സമീപിക്കില്ലെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.നിയമസഭ പാസാക്കിയ എട്ട് ബില്ലുകളാണ് അനുമതി കാത്ത് ഗവര്‍ണറുടെ മുമ്പിലുള്ളത്. ബില്ലുകള്‍ നിയമാനുസൃതമാണെന്ന് ഉറപ്പില്ലാത്തതിനാലും സംശയമുള്ളതിനാലുമാണ് ഒപ്പിടാത്തതെന്നാണ് ഗവര്‍ണറുടെ വിശദീകരണം.സംസ്ഥാനത്തിന്റേയും നിയമസഭയുടെയും അധികാരപരിധി കടന്നുള്ള ബില്ലുകളില്‍ ഒപ്പുവെക്കുന്നതിലെ പ്രയാസവും ഗവര്‍ണര്‍ വ്യക്തമാക്കിയിട്ടുണ്ട്.
