തിരുവനന്തപുരം: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ബിബിസി തയ്യാറാക്കിയ ഡോക്യുമെന്‍ററിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ വ്യത്യസ്ത നിലപാടുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്‍റണിയുടെ മകനും കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറുമായ അനില്‍ ആന്‍റണി. ഇന്ത്യന്‍ സ്ഥാപനങ്ങളെക്കാള്‍ ബിബിസിയുടെ വീക്ഷണത്തിന് മുന്‍തൂക്കം കല്‍പിക്കുന്നത് വളരെ അപകടകരമായ കീഴ് വഴക്കമാണെന്ന് അനില്‍ ആന്‍റണി ട്വീറ്റ് ചെയ്തു.
ബിജെപിയോട് വലിയ അഭിപ്രായ വ്യത്യാസമുണ്ട്, എന്നിരുന്നാലും ഇന്ത്യയിലുള്ളവര്‍ ഇന്ത്യന്‍ സ്ഥാപനങ്ങളെക്കാള്‍ ബിബിസിയുടെ വീക്ഷണത്തിന് മുന്‍തൂക്കം കല്‍പിക്കുന്നത് വളരെ അപകടകരമായ കീഴ് വഴക്കമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. മാത്രമല്ല, നമ്മുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ്. കാരണം ഒട്ടേറെ മുന്‍വിധികളുടെ വലിയ ചരിത്രമുള്ള ബ്രിട്ടന്‍ പിന്തുണക്കുന്ന ഒരു ചാനലാണ് ബിബിസി.’ അനില്‍ ആന്‍റണി ട്വീറ്റില്‍ പറയുന്നു.
അനില്‍.കെ. ആന്‍റണിയുടെ നിലപാട് പരസ്യമായി തള്ളിക്കളഞ്ഞ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഷാഫി പറമ്പില്‍ രംഗത്ത്. യൂത്ത് കോണ്‍ഗ്രസിന്‍റെ അഭിപ്രായം പറയേണ്ടത് സംസ്ഥാന പ്രസിഡന്‍റാണെന്നും അല്ലാതെ വേറെ ആരും പറയുന്നത് ഔദ്യോഗികമല്ലെന്നും ഷാഫി വ്യക്തമാക്കി. ആരുടെയെങ്കിലും വ്യക്തിപരമായ അഭിപ്രായം യൂത്ത് കോണ്‍ഗ്രസിന്‍റെ അഭിപ്രായമാകില്ലെന്നും ഷാഫി പറഞ്ഞു